മെൽബൺ: ഓസ്ട്രേലിയൻ പ്രവാസി മലയാളികൾക്ക് കവിതയുടെയും സാഹിത്യത്തിന്റെയും അവിസ്മരണീയ വിരുന്നൊരുക്കി മൂന്നാമത് ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റ് (AMLF 2026) – ‘അക്ഷരോത്സവം’ ഇന്ന് (നവംബർ 21, ശനിയാഴ്ച) മെൽബണിൽ അരങ്ങേറുന്നു. മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. വി. മധുസൂദനൻ നായർ വിശിഷ്ടാതിഥിയായി എത്തുന്ന ഈ അക്ഷരമഹോത്സവത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താനുള്ള അപൂർവ്വ അവസരവും ഒരുക്കിയിട്ടുണ്ട്.
വിപഞ്ചിക ഗ്രന്ഥശാലയുടെയും മലയാളി പത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി മെൽബണിലെ ക്ലെയ്റ്റൺ ടൗൺ ഹാളിൽ (264 Clayton Rd, Clayton VIC 3168) വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയാണ് നടക്കുന്നത്. പ്രൊഫ. വി. മധുസൂദനൻ നായരുടെ കാവ്യസന്ധ്യയും പ്രഭാഷണവുമാണ് മേളയുടെ മുഖ്യ ആകർഷണം.
ഇതിഹാസ ഗായിക എസ്. ജാനകിക്ക് ആദരവൊരുക്കിക്കൊണ്ട് അനൂപ് ശിവശങ്കരൻ അവതരിപ്പിക്കുന്ന ‘മൗനം പോലും മധുരം’ എന്ന സംഗീതാർച്ചനയും സാഹിത്യപ്രേമികൾക്കായുള്ള പ്രത്യേക പുസ്തകമേളയും പരിപാടിക്ക് മാറ്റുകൂട്ടും. 15 ഡോളറാണ് പ്രവേശന നിരക്ക് നിശ്ചയിച്ചിട്ടുള്ളതെങ്കിലും 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സഞ്ജയ് പരമേശ്വരൻ (0433 147 235), ഗിരീഷ് ആവണൂർ (0490 022 557) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

