ചാലക്കുടി: പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് സംസ്ഥാനതല കായികമേളയായ ‘കളിക്കള’ത്തിന്റെ ആദ്യ ദിനം നടന്ന നീന്തൽ മത്സരങ്ങളിൽ മിന്നുന്ന വിജയവുമായി ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ (എം.ആർ.എസ്) വിദ്യാർഥിനികൾ. മൂന്ന് സ്വർണ്ണവും ഒരു വെള്ളിയും ഉൾപ്പെടെ ആകെ നാല് മെഡലുകളാണ് ചാലക്കുടി എം.ആർ.എസിലെ മിടുക്കികൾ സ്വന്തമാക്കിയത്.
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ വിഭാഗത്തിൽ ആതിര എം., 50 മീറ്റർ വിഭാഗത്തിൽ അഭിരാമി പി.കെ., ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ വിഭാഗത്തിൽ പ്രിജിത പി. എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ 50 മീറ്റർ വിഭാഗത്തിൽ ഹൃദ്യ ഹരിമോൻ രണ്ടാം സ്ഥാനം നേടി. ആതിര, അഭിരാമി, പ്രിജിത എന്നിവർ പത്താം ക്ലാസ് വിദ്യാർഥിനികളും ഹൃദ്യ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമാണ്.
ഉപജില്ലാ, ജില്ലാ തലങ്ങളിലും മുൻവർഷങ്ങളിലെ ‘കളിക്കളം’ മേളകളിലും ഇവർ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മാസങ്ങൾ നീണ്ട ചിട്ടയായ പരിശീലനവും കുട്ടികളുടെ കഠിനാധ്വാനവുമാണ് ഈ അഭിമാനകരമായ വിജയത്തിലേക്ക് എത്തിച്ചതെന്ന് കായികാധ്യാപകൻ ജയരാജൻ പറഞ്ഞു.

