ലിസ്‌മോർ: വൈദ്യപരിശോധനയ്ക്കിടെ ആറ് വനിതാ രോഗികളെ ലൈംഗികമായി പീഡിപ്പിച്ച മുൻ ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ് ശിക്ഷ. ന്യൂ സൗത്ത് വെയിൽസിലെ ലിസ്‌മോറിലെ മുൻ ഗൈനക്കോളജിസ്റ്റായ ഡോ. ഗ്ലെൻ അലൻ ടെയ്‌ലർക്കാണ് (71) കോടതി ശിക്ഷ വിധിച്ചത്. 1996-നും 2015-നും ഇടയിൽ ചികിത്സയ്ക്കായി എത്തിയ ഗർഭിണികൾ ഉൾപ്പെടെയുള്ള സ്ത്രീകളെയാണ് ഇയാൾ തന്റെ ഔദ്യോഗിക പദവിയും വിശ്വാസവും ദുരുപയോഗം ചെയ്ത് പീഡിപ്പിച്ചത്.
ഗുരുതരമായ ലൈംഗികാതിക്രമവും അപമര്യാദയായ പെരുമാറ്റവും ഉൾപ്പെടെ 11 കുറ്റങ്ങളിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2016-ൽ അറസ്റ്റിലായ ടെയ്‌ലറുടെ വിചാരണ നടപടികൾ ഏകദേശം ഒരു പതിറ്റാണ്ടോളം നീണ്ടുനിന്നു. 2037 ഫെബ്രുവരിയിൽ മാത്രമേ ഇയാൾക്ക് പരോളിന് അർഹതയുണ്ടാവുകയുള്ളൂ.
ചെയ്ത കുറ്റത്തിൽ ടെയ്‌ലർക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. നിസ്സഹായരായ രോഗികളെ ചൂഷണം ചെയ്തതിനെയും വൈദ്യശാസ്ത്ര രംഗത്തോടുള്ള വിശ്വാസം തകർത്തതിനെയും ജഡ്ജി ജെയ്ൻ കൾവർ രൂക്ഷമായി അപലപിച്ചു. സംഭവം തങ്ങളിൽ നീണ്ടുനിൽക്കുന്ന മാനസികാഘാതവും അപമാനബോധവും ആരോഗ്യപ്രവർത്തകരോടുള്ള കടുത്ത അവിശ്വാസവും ഉണ്ടാക്കിയതായി അതിജീവിതർ കോടതിയെ അറിയിച്ചു.

