ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

കാൻബെറ: ഓസ്‌ട്രേലിയയിൽ ഭീകരവാദത്തെ നിർവചിക്കുന്നതിലും ഭീകരവാദ ഭീഷണികൾക്കുള്ള ശിക്ഷ നിശ്ചയിക്കുന്നതിലും സുപ്രധാന മാറ്റങ്ങൾ നിർദ്ദേശിച്ച് രാജ്യത്തെ ദേശീയ സുരക്ഷാ നിരീക്ഷണ സമിതി. നിലവിലുള്ള ഭീകരവിരുദ്ധ നിയമങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ വേണമെന്നാണ് സമിതിയുടെ ശുപാർശ.

നിലവിലെ നിയമപ്രകാരം രാഷ്ട്രീയം, മതം, പ്രത്യയശാസ്ത്രം എന്നീ പ്രേരണകളാണ് ഭീകരവാദത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത്. എന്നാൽ പുതിയ നിർദ്ദേശപ്രകാരം ‘മതം’ എന്ന വ്യക്തമായ പരാമർശം നിർവചനത്തിൽ നിന്ന് ഒഴിവാക്കും. അതേസമയം, മതപരമായ പ്രേരണയുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ‘പ്രത്യയശാസ്ത്രം’ എന്ന വിഭാഗത്തിന് കീഴിൽ തുടർന്നും ഉൾപ്പെടുമെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.

ഭീകരവാദ ഭീഷണികൾക്ക് നിലവിൽ നൽകുന്ന ജീവപര്യന്തം തടവ് എന്ന പരമാവധി ശിക്ഷ ആനുപാതികമല്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഇതിന് പകരമായി, പരമാവധി 15 വർഷം തടവ് ശിക്ഷ ലഭിക്കുന്ന പ്രത്യേക കുറ്റകൃത്യമായി ഇതിനെ മാറ്റണമെന്നും സമിതി നിർദ്ദേശിക്കുന്നു.

എന്നാൽ ഈ നിർദ്ദേശങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് , നിലവിലുള്ള നിർവചനം ശക്തവും ഫലപ്രദവുമാണെന്ന് വ്യക്തമാക്കി. നിയമത്തിൽ മാറ്റം വരുത്തുന്നതിനെതിരെ പോലീസ് രംഗത്തെത്തിയിട്ടുണ്ട്.

നിലവിൽ ഇവ ശുപാർശകൾ മാത്രമാണെന്നും നിയമമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. നിരപരാധികളായ ഓസ്‌ട്രേലിയൻ പൗരന്മാരുടെ ജീവൻ സംരക്ഷിക്കുക എന്നത് തന്നെയായിരിക്കണം രാജ്യത്തെ ഭീകരവിരുദ്ധ നിയമങ്ങളുടെ കേന്ദ്രബിന്ദു എന്ന ചർച്ചയും പുതിയ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സജീവമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *