ബ്രിസ്ബെയ്ൻ: അടിയന്തര വൈദ്യസഹായത്തിനായി ആംബുലൻസ് കാത്തിരുന്ന 63-കാരി ഏഴ് മണിക്കൂറിന് ശേഷം പാരാമെഡിക്കുകൾ എത്തുന്നതിന് മുൻപ് മരിച്ചു. തെക്കുകിഴക്കൻ ബ്രിസ്ബെയ്നിലെ വിക്ടോറിയ പോയിന്റ് സ്വദേശിനിയായ സ്ത്രീയാണ് കഴിഞ്ഞ മാസം മരണപ്പെട്ടത്. സഹായത്തിനായി ഇവർ ആവർത്തിച്ച് ട്രിപ്പിൾ സീറോയിൽ വിളിച്ചിരുന്നതായാണ് വിവരം.
ക്വീൻസ്ലാൻഡിൽ അടുത്ത ആഴ്ചകളിൽ ആംബുലൻസ് എത്താൻ വൈകിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട കുറഞ്ഞത് ആറ് മരണങ്ങളിൽ ഒന്നാണിത്. ഇതിൽ ഒരു രോഗിക്ക് ആംബുലൻസിനായി 18 മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്വീൻസ്ലാൻഡ് ആംബുലൻസ് സർവീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർച്ചയായുണ്ടാകുന്ന ഇത്തരം ദാരുണ സംഭവങ്ങൾ സംസ്ഥാന-ഫെഡറൽ സർക്കാരുകൾ തമ്മിലുള്ള രൂക്ഷമായ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
“ആരും നിസ്സഹായരായും വേദനയനുഭവിച്ചും മരിക്കാൻ അർഹരല്ല,” എന്ന് പ്രതിപക്ഷ നേതാവ് സ്റ്റീവൻ മൈൽസ് പ്രതികരിച്ചു. “ഏതൊരു രോഗിയുടെയും മരണം വലിയൊരു ദുരന്തമാണ്,” എന്ന് ക്വീൻസ്ലാൻഡ് ആംബുലൻസ് സർവീസും വ്യക്തമാക്കി.

