ബെയ്ജിംഗ്: ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച് നിർമ്മിത ബുദ്ധി സംബന്ധിച്ച ചർച്ചകൾക്ക് ഇരുരാജ്യങ്ങളും ധാരണയായി. വെള്ളിയാഴ്ച ബെയ്ജിംഗിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങും നടത്തിയ കൂടിക്കാഴ്ചയിലാണ് എ.ഐ സംവാദത്തിന് കരാറായത്.
എ.ഐ സുരക്ഷ, നിയന്ത്രണങ്ങൾ, സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളാകും ചർച്ചകളിൽ പ്രധാനമായും ഉൾപ്പെടുക. എ.ഐ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും, തന്ത്രപ്രധാനമായ സാങ്കേതികവിദ്യകൾ മോഷണത്തിൽ നിന്നോ വിദേശ ഇടപെടലുകളിൽ നിന്നോ സംരക്ഷിക്കുന്നതിനുമായി ഓസ്‌ട്രേലിയ അമേരിക്കയുമായി പ്രത്യേക പ്രഖ്യാപനത്തിൽ ഒപ്പുവെച്ച് ദിവസങ്ങൾക്കകമാണ് ചൈനയുമായുള്ള ഈ പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്.
എപെക് (APEC) ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, പ്രധാനമന്ത്രി ലി ചിയാങ്ങുമായി ആൽബനീസ് വ്യാപാരം, കാലാവസ്ഥ, ആരോഗ്യം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പൂർണ്ണമായ മാറ്റം ഉണ്ടായതായി ഷി ജിൻപിങ് വിശേഷിപ്പിച്ചു. തുർക്കി, ഫിലിപ്പീൻസ്, ചൈന എന്നീ രാജ്യങ്ങളിലായി നടന്ന നാല് ഉച്ചകോടികളിൽ പങ്കെടുത്തുകൊണ്ടുള്ള ആൽബനീസിന്റെ 11 ദിവസത്തെ വിദേശപര്യടനത്തിന്റെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ചകൾ.

