ഉപരോധം ലംഘിച്ചാൽ ഇറാൻ കപ്പലുകൾ കടലിൽ മുക്കും; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ ഇറാന്റെ കപ്പലുകൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ കപ്പലുകൾ മറ്റ് യുദ്ധക്കപ്പലുകൾക്ക് സംഭവിച്ചതുപോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്നാണ് ട്രംപ് പറഞ്ഞത്. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലായിരുന്നു പ്രതികരണം.

അമേരിക്കയുടെ നാവിക ഉപരോധം ഭേദിക്കാൻ ഇറാൻ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. ഉപരോധം പരീക്ഷിക്കാൻ ഇറാൻ തയാറായാൽ അതിന് ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന സൂചനയും അദ്ദേഹം നൽകി. ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന കപ്പലുകളെ മുക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

ഇറാനുമായുള്ള സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്നും ട്രംപ് ആരോപിച്ചു. വിട്ടുവീഴ്ചകൾക്ക് തയാറാകാതെ ഇറാൻ ചർച്ചകൾ മനഃപൂർവം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ചർച്ചകൾ പരാജയപ്പെട്ടാൽ പുതുവർഷത്തിനുശേഷം ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിക്കാനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞില്ല.

അതേസമയം, ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയും വഷളായിട്ടുണ്ട്. ഇറാനിയൻ സൈന്യവും അമേരിക്കൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുന്നതിനിടെ വാണിജ്യക്കപ്പലുകൾക്കുനേരെയും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവംബർ 16 മുതൽ ഹോർമുസ് കടലിടുക്കിൽ ഏഴ് ടാങ്കറുകൾ ആക്രമിക്കപ്പെട്ടതായി ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതിനിടെ, അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഇറാൻ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി. വിവിധ സാഹചര്യങ്ങളെ നേരിടാൻ ഇറാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *