ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബർ 16ന് ഒപ്പിട്ടേക്കും

ന്യൂഡൽഹി: ഇന്ത്യയും 27 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഡിസംബർ 16ന് ഒപ്പിട്ടേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസംബറിലെ ബ്രസൽസ് സന്ദർശനത്തിനിടെ കരാർ ഒപ്പിടാനാണ് സാധ്യത. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിൽ നിർണായക മുന്നേറ്റമാകുന്ന കരാർ അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ 2026 ജനുവരി 27നാണ് കരാറിന്റെ ചർച്ചകൾ പൂർത്തിയായത്. യൂറോപ്യൻ കമ്മിഷൻ കരാറിന്റെ അന്തിമ നിയമരേഖയും താരിഫ് പട്ടികകളും യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. കൗൺസിലിന്റെ അനുമതി ലഭിച്ചാൽ കരാർ ഒപ്പിടുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനാകും.

‘കരാറുകളുടെ മാതാവ്’ (Mother of All Deals) എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന വ്യാപാര കരാർ പ്രകാരം ഇന്ത്യയുടെ കയറ്റുമതിയുടെ 93 ശതമാനത്തിനും യൂറോപ്യൻ വിപണിയിൽ തീരുവയില്ലാത്ത പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷ. തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ തുടങ്ങിയ മേഖലകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അതേസമയം യൂറോപ്യൻ യൂണിയനിൽനിന്നുള്ള ആഡംബര കാറുകൾക്കും വൈനുകൾക്കും ഇന്ത്യയിൽ ഇറക്കുമതി തീരുവ കുറയുന്നതോടെ അവയുടെ വില കുറയാനും സാധ്യതയുണ്ട്.

ഇന്ത്യയും യൂറോപ്യൻ യൂണിയനും ചേർന്ന് ഏകദേശം 200 കോടി ജനങ്ങളുള്ള വിപണിയാണ് കരാറിലൂടെ രൂപപ്പെടുന്നത്. ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ഇരു വിഭാഗങ്ങളുടെയും പങ്കാണ്. ഏകദേശം 11 ട്രില്യൺ ഡോളറിന്റെ വ്യാപാരമാണ് ഈ വിപണികളിലൂടെ നടക്കുന്നത്.

കരാർ പ്രാബല്യത്തിൽ വരുന്നതിന് യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരവും ആവശ്യമാണ്. ഇന്ത്യയിലും ആഭ്യന്തര അംഗീകാര നടപടികൾ പൂർത്തിയാക്കണം. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരവും രാഷ്ട്രപതിയുടെ അനുമതിയും ഇതിന്റെ ഭാഗമാണ്. നടപടികൾ പൂർത്തിയായാൽ 2027ന്റെ ആദ്യ പകുതിയിൽ കരാർ നടപ്പാക്കാനാണ് ഇരുവിഭാഗങ്ങളുടെയും ലക്ഷ്യം.

ഇന്ത്യയുടെ വ്യാവസായിക, സേവന മേഖലകൾക്ക് യൂറോപ്യൻ വിപണിയിൽ കൂടുതൽ അവസരങ്ങൾ തുറക്കുന്നതിനൊപ്പം വിദേശ നിക്ഷേപവും വ്യാപാരവും വർധിപ്പിക്കാനും കരാർ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കാർഷിക, ക്ഷീര മേഖലകളിലെ ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും കരാറിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *