ബിസ്‌ലേരിക്കെതിരേ പ്രോസിക്യൂഷൻ നടപടിക്ക് എഫ്എസ്എസ്എഐ; കുടിവെള്ളത്തിൽ അർബുദകാരികളായ രാസവസ്തുക്കൾ കണ്ടെത്തി

ന്യൂഡൽഹി: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരി ഇന്റർനാഷണലിനെതിരേ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ അനുമതി നൽകി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). കമ്പനിയുടെ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ സാമ്പിളിൽ അനുവദനീയമായ പരിധിയിലധികം ബ്രോമേറ്റ് കണ്ടെത്തിയതിനെത്തുടർന്നും തുടർപരിശോധനയിൽ പോളിന്യൂക്ലിയർ അരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നുമാണ് നടപടി.

ബിസ്‌ലേരി ഇന്റർനാഷണലിന്റെ പരിസരത്തുനിന്ന് ശേഖരിച്ച പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ (മിനറൽ വാട്ടർ ഒഴികെയുള്ളത്) സാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആദ്യഘട്ട ലബോറട്ടറി പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം സാമ്പിൾ ഉപയോഗത്തിന് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു.

തുടർന്ന് കമ്പനിക്ക് അപ്പീൽ നൽകാനുള്ള അവകാശം വിനിയോഗിച്ച് സാമ്പിൾ വീണ്ടും പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ച സാമ്പിളിലും സുരക്ഷാപ്രശ്നം കണ്ടെത്തി. പോളിന്യൂക്ലിയർ അരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യമാണ് രണ്ടാം പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ രണ്ടാം ലബോറട്ടറിയും സാമ്പിൾ സുരക്ഷിതമല്ലെന്ന് സ്ഥിരീകരിച്ചു.

ബ്രോമേറ്റും ചിലതരം പിഎഎച്ചുകളും അർബുദസാധ്യതയുമായി ബന്ധപ്പെട്ട രാസവസ്തുക്കളാണ്. നിശ്ചിത പരിധി കവിയുമ്പോൾ ഇവ ആരോഗ്യത്തിന് ഹാനികരമാകാം. ലബോറട്ടറി പരിശോധനാഫലങ്ങൾ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ലംഘനം വ്യക്തമാക്കുന്നതാണെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ അനുമതി നൽകിയത്.

അതേസമയം, എഫ്എസ്എസ്എഐയുടെ നടപടിയോട് ബിസ്‌ലേരി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാമ്പിൾ ശേഖരിച്ച പ്രത്യേക ഉൽപ്പന്നത്തിന്റെ വകഭേദം, നിർമാണശാല, ബാച്ച് നമ്പർ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. രാജ്യവ്യാപകമായി ബിസ്‌ലേരി ഉൽപ്പന്നങ്ങൾ പിൻവലിക്കാനുള്ള ഉത്തരവും നിലവിൽ പുറപ്പെടുവിച്ചിട്ടില്ല.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷ്യ-പാനീയ ഉൽപ്പന്നങ്ങൾക്കെതിരേ പരിശോധനയും നടപടികളും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എഫ്എസ്എസ്എഐയുടെ നീക്കം. എന്നാൽ പ്രോസിക്യൂഷന് അനുമതി നൽകിയത് മാത്രം കമ്പനിയുടെ കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടതായി അർഥമാക്കുന്നില്ല. തുടർനിയമനടപടികളിലൂടെയാണ് അന്തിമതീരുമാനമുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *