ട്രംപിന്റെ ഫോൺവിളികൾക്കും കത്തിനും മറുപടിയില്ല; ആണവശേഖരം വർധിപ്പിച്ച് കിം ജോങ് ഉൻ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയതന്ത്ര നീക്കങ്ങളോട് പ്രതികരിക്കാതെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ട്രംപ് പലതവണ ഫോണിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് അയച്ച കത്ത് തുറന്നുപോലും നോക്കാതെ ഉത്തരകൊറിയൻ നയതന്ത്ര പ്രതിനിധി തിരിച്ചുനൽകിയതായാണ് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

2025ൽ ട്രംപ് ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങൾ വഴി കിമ്മുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പ്രതികരണമുണ്ടാകാത്തതിനെത്തുടർന്ന് നേരിട്ട് കത്തയക്കാൻ തീരുമാനിച്ചു. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഉത്തരകൊറിയൻ ദൗത്യാലയത്തിന് സമീപം കത്ത് കൈമാറാൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പദ്ധതിയിട്ടു. അവിടെനിന്ന് പുറത്തുവന്ന ഉത്തരകൊറിയൻ നയതന്ത്ര ഉദ്യോഗസ്ഥന് അമേരിക്കൻ സംഘം കത്ത് കൈമാറി. എന്നാൽ പിന്നീട് ഐക്യരാഷ്ട്രസഭയിലെ ഒരു യോഗത്തിനിടെ തുറക്കാത്ത കത്ത് അമേരിക്കൻ പ്രതിനിധിയുടെ മുന്നിലേക്ക് തിരിച്ചെറിഞ്ഞെന്നാണ് റിപ്പോർട്ട്.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇരുനേതാക്കളും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. 2018ൽ സിംഗപ്പൂരിലും 2019ൽ വിയറ്റ്നാമിലും നടന്ന ഉച്ചകോടികൾക്കു പുറമേ, 2019ൽ കൊറിയൻ അതിർത്തിയിലെ സൈനികമുക്ത മേഖലയിലും ഇരുവരും കൂടിക്കാഴ്ച നടത്തി. ഉത്തരകൊറിയയുടെ ആണവായുധ പദ്ധതി അവസാനിപ്പിക്കുന്നതായിരുന്നു ചർച്ചകളിലെ പ്രധാന ലക്ഷ്യം. എന്നാൽ നിർണായകമായ ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല.

അതിനിടെ, ഉത്തരകൊറിയയുടെ ആണവായുധ ശേഖരം ഗണ്യമായി വർധിച്ചതായാണ് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (SIPRI) 2026ലെ വിലയിരുത്തൽ. രാജ്യത്തിന് ഏകദേശം 60 ആണവ പോർമുനകൾ നിർമിച്ചിട്ടുണ്ടാകാമെന്നാണ് കണക്ക്. കുറഞ്ഞത് 30 പോർമുനകൾ കൂടി നിർമിക്കാനുള്ള വിഘടനശേഷിയുള്ള വസ്തുക്കളും രാജ്യത്തിന്റെ കൈവശമുണ്ടെന്നാണ് വിലയിരുത്തൽ. 2019ൽ ഏകദേശം 20–30 പോർമുനകളായിരുന്നു ഉത്തരകൊറിയയുടെ ശേഖരമെന്നാണ് കണക്കാക്കിയിരുന്നത്.

ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധസംവിധാനങ്ങളും ഉത്തരകൊറിയ വികസിപ്പിക്കുന്നുണ്ട്. വിക്ഷേപണത്തിന് മുമ്പ് ഇന്ധനം നിറയ്ക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഇത്തരം മിസൈലുകൾ കണ്ടെത്താനും തടയാനും കൂടുതൽ പ്രയാസമാണ്. അമേരിക്കൻ ഭൂഖണ്ഡത്തിലെത്താൻ ശേഷിയുള്ള മിസൈലുകൾ വികസിപ്പിച്ചതും വാഷിങ്ടണിന്റെ ആശങ്ക വർധിപ്പിക്കുന്നു.

ഉത്തരകൊറിയയുടെ യോങ്ബിയോൺ ആണവനിലയത്തിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം വിപുലീകരിക്കുന്നതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആണവപദ്ധതിക്കായി കൂടുതൽ ശേഷി വികസിപ്പിക്കുന്നതിന്റെ സൂചനയാണിതെന്ന് ഏജൻസി വിലയിരുത്തി.

റഷ്യയുമായുള്ള സൈനിക-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തിയതും ക്രിപ്റ്റോകറൻസി മോഷണത്തിലൂടെയുള്ള വരുമാനവും ഉത്തരകൊറിയയുടെ സാമ്പത്തികശേഷി വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. റഷ്യയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും നൽകുന്നതിലൂടെ രാജ്യത്തിന് വിദേശനാണ്യം ലഭിക്കുന്നതായും വിലയിരുത്തലുണ്ട്.

അമേരിക്ക ഉത്തരകൊറിയയുടെ ആണവനില അംഗീകരിക്കണമെന്നാണ് കിമ്മിന്റെ പ്രധാന ആവശ്യം. രാജ്യത്തിന്റെ ആണവായുധ പദ്ധതി ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ നിലപാട് ഉപേക്ഷിക്കാതെ ചർച്ചകൾ മുന്നോട്ടുപോകാനാകില്ലെന്നാണ് ഉത്തരകൊറിയയുടെ സമീപനം. അതേസമയം, ഉത്തരകൊറിയയുടെ ആണവനിരായുധീകരണമാണ് ഇപ്പോഴും അമേരിക്കയുടെ ഔദ്യോഗിക ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിന്റെ അടുത്തിടെയുള്ള ഏഷ്യൻ സന്ദർശനത്തിനിടെയും കിമ്മുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത പരിശോധിച്ചിരുന്നെങ്കിലും ധാരണയിലെത്തിയില്ല. കൂടിക്കാഴ്ചയ്ക്ക് കിം മുന്നോട്ടുവച്ച നിബന്ധനകൾ അമേരിക്കയ്ക്ക് അംഗീകരിക്കാനായില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തിയെന്ന റിപ്പോർട്ടുകൾ അമേരിക്കൻ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥൻ നിഷേധിച്ചതായും വാൾ സ്ട്രീറ്റ് ജേണൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *