ഖോ-ഖോ കിരീടം തിരിച്ചുപിടിച്ച് കണ്ണൂർ എം.ആർ.എസ്

ആൺകുട്ടികളുടെ ഖോ-ഖോ മത്സരത്തിൽ വിജയകിരീടം തിരിച്ചുപിടിച്ച് കണ്ണൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ (എം.ആർ.എസ്). ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ വയനാട് എം.ആർ.എസ് നല്ലൂർനാടിനെ പരാജയപ്പെടുത്തിയാണ് കണ്ണൂരിന്റെ കിരീടനേട്ടം. തുടർച്ചയായി നാലാം തവണ ഫൈനലിലെത്തിയ കണ്ണൂർ ടീം ഇത് രണ്ടാം തവണയാണ് ജേതാക്കളാകുന്നത്.

തുടർച്ചയായ പരിശീലനവും ടീമിന്റെ ഒത്തൊരുമയുമാണ് കണ്ണൂരിന്റെ വിജയത്തിന് കരുത്തായത്. കോഴിക്കോട് മലയ്ക്കൽ സ്വദേശിയായ ആനന്ദ് കെ.എസ് നയിച്ച ടീമിൽ 2022 മുതൽ അംഗങ്ങളായ ആനന്ദ് എം.വി, ജിഷ്ണുരാജ്, സച്ചിൻ എ.ബി, ധർമരാജ്, വിഷ്ണു രാജീവൻ എന്നിവർ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു. 2022 മുതൽ ടീമിനെ പരിശീലിപ്പിച്ച് വിജയവഴിയിൽ നയിക്കുന്ന പരിശീലകൻ രാജേഷ് ചന്ദ്രയുടെ ശിക്ഷണവും ടീമിന് മുതൽക്കൂട്ടായി.

കഴിഞ്ഞ വർഷം കണ്ണൂർ ടീമിന്റെ ഭാഗമായിരുന്ന വിഷ്ണു ബാബു ഇത്തവണ ഫൈനലിൽ എതിരാളികളായ വയനാട് ടീമിനൊപ്പമായിരുന്നു എന്നതും മത്സരത്തിന് കൗതുകമായി. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച എം.ആർ.എസ് നല്ലൂർനാടിന്റെ യദു കൃഷ്ണ ബെസ്റ്റ് പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *