ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ തളയ്ക്കാനുള്ള വനംവകുപ്പിന്റെ ദൗത്യത്തിന് നിർണ്ണായക തുടക്കം. ആനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനായി വയനാട്ടിൽ നിന്ന് രണ്ട് കുങ്കിയാനകളും മുപ്പതംഗ ദ്രുതപ്രതികരണ സേനയും (RRT) ചിന്നക്കനാലിലെത്തി. മുത്തങ്ങ ആനപ്പന്തിയിൽ നിന്നുള്ള വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് വനംവകുപ്പിന്റെ പ്രത്യേക ആന ആംബുലൻസുകളിൽ ഇടുക്കിയിലേക്ക് എത്തിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വയനാട്ടിൽ നിന്ന് തിരിച്ച സംഘം തിങ്കളാഴ്ച പുലർച്ചെയാണ് ചിന്നക്കനാലിൽ എത്തിച്ചേർന്നത്. മുൻപ് ഏറെ കോളിളക്കം സൃഷ്ടിച്ച അരിക്കൊമ്പൻ ദൗത്യത്തിൽ നിർണ്ണായക പങ്കുവഹിച്ച പരിചയസമ്പന്നരായ കുങ്കിയാനകളാണ് വിക്രമും ഭരതും. ചിന്നക്കനാൽ സിമന്റുപാലത്താണ് ഇവർക്കായി പ്രത്യേക കുങ്കിത്താവളം സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ പ്രദേശത്ത് വീണ്ടുമൊരു വലിയ വന്യജീവി ദൗത്യത്തിന്റെ ആവേശവും ആശങ്കയും നിറഞ്ഞിരിക്കുകയാണ്.
ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അനുമോദ്, ഡോ. സിദ്ധാർത്ഥ് ശങ്കർ, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ സിറിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. വനംവകുപ്പിന്റെ പ്രത്യേക ബസിലാണ് സംഘം കുങ്കിയാനകളെ അനുഗമിച്ചത്. സംഘത്തിലെ 27 പേർ സുൽത്താൻ ബത്തേരി ആർആർടിയിലെ അംഗങ്ങളാണ്. ഇവർക്കായി പ്രദേശത്തെ നാലിടങ്ങളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
ചക്കക്കൊമ്പന്റെ ഓരോ നീക്കവും വനംവകുപ്പ് 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രാത്രികാലങ്ങളിൽ ആനയുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കുന്നതിനായി ആധുനിക തെർമൽ ഡ്രോൺ ക്യാമറകളാണ് ഉപയോഗിക്കുന്നത്. നിലവിൽ ബി.എൽ. റാം ചുടുകാട് ഭാഗത്താണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. കാട്ടാനയെ സുരക്ഷിതമായി മയക്കുവെടിവെച്ച് പിടികൂടുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ വനംവകുപ്പ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ചക്കക്കൊമ്പൻ ഈ മേഖലയിലേക്ക് എത്തുകയോ, കുങ്കിയാനകളുടെ സഹായത്തോടെ അവിടേക്ക് എത്തിക്കുകയോ ചെയ്ത ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക

