പുട്ടപർത്തി: ശബരിമലയെ തിരുപ്പതിയുടെ മാതൃകയിൽ ആധുനിക തീർഥാടന കേന്ദ്രമാക്കി മാറ്റുന്നതിനായി കേരള സർക്കാർ വൻ വികസന പദ്ധതിക്ക് രൂപം നൽകുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സത്യസായി ബാബയുടെ 101-ാം ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ പുട്ടപർത്തിയിലെത്തിയതായിരുന്നു അദ്ദേഹം. നിലവിലെ തീർഥാടന കാലം അവസാനിച്ചാലുടൻ പദ്ധതിയുടെ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും അടുത്ത സീസണിന് മുമ്പായി നിർമ്മാണ പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമലയിലും തീർഥാടന പാതകളിലും ദീർഘകാലാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് വികസന പദ്ധതിയിൽ ഊന്നൽ നൽകുന്നത്. ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സുഗമമായി ദർശനം നടത്താൻ സാധിക്കുന്ന തരത്തിൽ കാര്യക്ഷമമായ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പിലാകുന്നതോടെ തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാവിലെ പ്രശാന്തി നിലയത്തിലെത്തിയ മുഖ്യമന്ത്രിയെ ഉദ്യോഗസ്ഥർ സ്വീകരിച്ചു. തുടർന്ന് സായ് കുൽവന്ത് ഹാളിലെ സത്യസായി ബാബയുടെ മഹാസമാധി സന്ദർശിച്ച അദ്ദേഹം പുഷ്പാർച്ചന നടത്തി. ഇതാദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി പുട്ടപർത്തിയിൽ എത്തുന്നത്. ഭക്തിയെന്നത് പാവങ്ങളുടെ കണ്ണീരൊപ്പലാണെന്ന് തെളിയിച്ചവരാണ് സത്യസായി ബാബയുടെ അനുയായികളെന്നും, പുട്ടപർത്തിയിലേക്ക് എത്താൻ കഴിഞ്ഞത് സത്യസായി ബാബ വിളിച്ചതുകൊണ്ടാണെന്നും സതീശൻ പറഞ്ഞു.
സത്യസായി ജന്മദിനാഘോഷ സമാപന ചടങ്ങിൽ കേന്ദ്ര കൽക്കരി മന്ത്രി ജി. കിഷൻ റെഡ്ഡി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ഉച്ചയോടെ കൊച്ചിയിൽ തിരിച്ചെത്തുന്ന മുഖ്യമന്ത്രി തുടർന്ന് കോട്ടയത്തേക്ക് തിരിക്കും.

