വേഗതയുടെ പുതുചരിത്രത്തിലേക്ക് ഇന്ത്യ; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി താനെ ക്രീക്കിൽ കടലിനടിയിലൂടെയുള്ള റെയിൽ തുരങ്കത്തിന്റെയും മുംബൈയിലെ ഭൂഗർഭ റെയിൽവേ സ്റ്റേഷന്റെയും നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ സജീവമായി നടക്കുന്നത്.

താനെ ക്രീക്കിന് അടിയിലുള്ള പാറകൾ തുരന്ന് രാജ്യത്തെ ആദ്യത്തെ കടലിനടിയിലെ റെയിൽ തുരങ്കം നിർമിക്കുന്നതിനായി 3,200 ടൺ ഭാരമുള്ള ടണൽ ബോറിങ് മെഷീനാണ് ഉപയോഗിക്കുന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

മുംബൈയിലെ പ്രധാന വ്യാപാര മേഖലയായ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ (ബികെസി) പത്തുനില കെട്ടിടത്തിന്റെ ഉയരത്തേക്കാൾ കൂടുതല്‍ ആഴത്തിലാണ് ഭൂഗർഭ റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി ആരംഭിക്കുന്ന ഈ സ്റ്റേഷൻ എൻജിനീയറിങ് രംഗത്തെ വലിയ നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് നിലകളിലായി ഒരുക്കുന്ന സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമുകൾ, കോൺകോഴ്സ്, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയ്ക്കായി പ്രത്യേക സൗകര്യങ്ങളുണ്ടാകും. ബുള്ളറ്റ് ട്രെയിനുകൾക്ക് നിർത്താൻ കഴിയുന്ന രീതിയിൽ 400 മീറ്ററിലധികം നീളമുള്ള ആറ് പ്ലാറ്റ്‌ഫോമുകളാണ് ഇവിടെ സജ്ജമാക്കുന്നത്.

508 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിയിലെ മറ്റ് സ്റ്റേഷനുകൾ അതത് നഗരങ്ങളുടെ സവിശേഷതകളും സംസ്‌കാരവും സാമ്പത്തിക പ്രാധാന്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്യുന്നത്. വജ്രവ്യാപാരത്തിന് പേരുകേട്ട സൂറത്തിലെ സ്റ്റേഷന്റെ മുൻഭാഗം വജ്രത്തിന്റെ മാതൃകയിലായിരിക്കും നിർമിക്കുക. 2027-ൽ സൂറത്തിൽനിന്ന് വാപിയിലേക്കായിരിക്കും ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *