പള്ളിപ്പെരുന്നാളിൽ അയ്യപ്പഭക്തിഗാനം തടയാൻ ശ്രമം; പുറത്തുനിന്നുള്ളയാളെ ഇറക്കിവിട്ട് നാട്ടുകാരും പള്ളിക്കമ്മിറ്റിയും

കോട്ടയം: മതസൗഹാർദ്ദത്തിന്റെ കേരളാ മാതൃക വീണ്ടും ഉയർത്തിപ്പിടിച്ച് കോട്ടയം കിഴപറയാർ പള്ളിയിലെ പെരുന്നാൾ ആഘോഷങ്ങൾ. പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന അയ്യപ്പഭക്തിഗാനം ആലപിച്ച ഗായകനെ തടയാൻ ശ്രമിച്ച പുറത്തുനിന്നുള്ള ഒരാളെ നാട്ടുകാരും പള്ളിക്കമ്മിറ്റിയും ചേർന്ന് വേദിയിൽ നിന്ന് ഇറക്കിവിട്ടു.

ക്രിസ്തീയ ഗാനങ്ങൾ മാത്രം പാടിയാൽ മതിയെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ, ഇതിനെതിരെ സദസ്സിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയും തുടർന്ന് പള്ളിക്കമ്മിറ്റി ഇടപെട്ട് ഇയാളെ പുറത്താക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ, പള്ളി വികാരിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’, ‘പാമ്പാഗണപതി’ എന്നിവയുൾപ്പെടെ അഞ്ച് ഭക്തിഗാനങ്ങൾ ഗായകൻ വേദിയിൽ ആലപിച്ചു.

നൂറാം വാർഷികം ആഘോഷിക്കുന്ന പള്ളിപ്പെരുന്നാളിന്റെ സ്നേഹവിരുന്നിലേക്ക് ജാതിമതഭേദമന്യേ പ്രദേശത്തെ എല്ലാ വീടുകളിലും നേരിട്ടെത്തിയാണ് നാട്ടുകാർ ക്ഷണിച്ചിരുന്നത്. ഈ സ്നേഹത്തിന് മുന്നിൽ പുറത്തുനിന്നുള്ളവരുടെ വിഭാഗീയതയ്ക്ക് സ്ഥാനമില്ലെന്ന് നാട്ടുകാർ ഒരിക്കൽ കൂടി തെളിയിച്ചു. അരുൺ കൃഷ്ണ എന്ന യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ സംഭവത്തിന്റെ വീഡിയോയ്ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *