സോണിയാ ഗാന്ധിയുടെ ആത്മകഥയ്‌ക്കെതിരെ സാവർക്കറുടെ കൊച്ചുമകന്റെ നിയമ നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ (Belonging: A Journey of Love) എന്ന പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെ വിനായക് ദാമോദർ സാവർക്കറുടെ കൊച്ചുമകൻ സാത്യകി സാവർക്കർ നിയമ നോട്ടീസ് അയച്ചു. പുസ്തകത്തിൽ സാവർക്കറെ വളച്ചൊടിച്ചും തെറ്റായും ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നടപടി. നിരുപാധികം മാപ്പ് പറയണമെന്നും വിശദീകരണവും തിരുത്തലും നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ഇതിനായി 15 ദിവസത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്.

അഭിഭാഷകനായ സംഗ്രം കോൽഹത്കർ മുഖേന അയച്ച നോട്ടീസിൽ, പുസ്തകത്തിന്റെ 201, 443 പേജുകളിലെ പരാമർശങ്ങളെയാണ് പ്രധാനമായും ചോദ്യം ചെയ്തിരിക്കുന്നത്. ഈ ഭാഗങ്ങളിൽ വസ്തുതാവിരുദ്ധമായ വിവരങ്ങളാണുള്ളതെന്നും, ചരിത്രസംഭവങ്ങളെ വളച്ചൊടിക്കുകയും സാവർക്കറുടെ പ്രശസ്തിക്കും പൈതൃകത്തിനും കളങ്കമുണ്ടാക്കുകയും ചെയ്യുന്നുവെന്നുമാണ് ആരോപണം. ഹാർപ്പർ കോളിൻസ് പബ്ലിഷേഴ്സ് ഇന്ത്യ നവംബർ 10-ന് പുറത്തിറക്കിയ പുസ്തകത്തിലെ ഈ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *