കോട്ടയം: അനാവശ്യ വിവാദങ്ങൾക്കു മുന്നിൽ തലകുനിക്കില്ലെന്നും സർക്കാർ എടുത്ത തീരുമാനങ്ങളിൽനിന്ന് പിന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിലർ ബഹളമുണ്ടാക്കുന്നുവെന്ന കാരണത്താൽ കൂട്ടായെടുത്ത തീരുമാനങ്ങൾ നടപ്പാക്കാതിരിക്കില്ലെന്നും ഇച്ഛാശക്തിയോടെ അവ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന് ആവശ്യമായ കരുത്ത് ജനങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് ദീപിക കേന്ദ്ര ഓഫീസിലെത്തിയ മുഖ്യമന്ത്രി പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
ജനങ്ങളോട് പ്രഖ്യാപിച്ച രണ്ട് പ്രധാന കാര്യങ്ങൾ ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്നതും മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതുമാണ് ഇവ. ഇന്ത്യയിൽ ആദ്യമായാണ് മുതിർന്ന പൗരന്മാർക്കായി ഇത്തരമൊരു വകുപ്പ് രൂപീകരിക്കുന്നതെന്നും ഇതിന്റെ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ വലിയ മാറ്റത്തിന് സഹായകമാകുന്ന ‘മിഷൻ സമുദ്ര’ പദ്ധതിയുടെ അടിസ്ഥാനപരമായ നടപടികൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഇനി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രചാരണത്തിനോ വാർത്തകളിൽ ഇടംനേടുന്നതിനോ വേണ്ടി തീരുമാനങ്ങളെടുക്കുന്ന രീതിയല്ല തന്റേതെന്ന് സതീശൻ പറഞ്ഞു. സർക്കാരിന്റെ മുദ്രാവാക്യം ‘Good Governance with Empathy’ എന്നതാണ്. സഹാനുഭൂതിയോടെയുള്ള ഭരണമാണ് ലക്ഷ്യമിടുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുകയും അവർക്ക് കരുത്തും ആത്മവിശ്വാസവും നൽകുകയും ചെയ്യുന്ന നയമാണ് സർക്കാരിന്റേതെന്നും അദ്ദേഹം വിശദീകരിച്ചു.
ഭിന്നശേഷിക്കാർക്കായി രാജ്യത്ത് ഇതുവരെ നടപ്പാക്കിയിട്ടില്ലാത്ത തരത്തിലുള്ള വലിയൊരു പദ്ധതി ഡിസംബർ രണ്ടിന് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിമാർക്കിടയിൽ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാർത്തകൾ സൃഷ്ടിക്കപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും സ്വാഭാവികമാണ്. നല്ല ചർച്ചകളിലൂടെയാണ് മികച്ച തീരുമാനങ്ങൾ രൂപപ്പെടുന്നത്. അഭിപ്രായവ്യത്യാസങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാലും തീരുമാനങ്ങളെടുക്കുന്നതിൽ കാലതാമസമുണ്ടാകില്ല. തെറ്റുണ്ടെങ്കിൽ തിരുത്തുകയും ആവശ്യമെങ്കിൽ ക്ഷമ ചോദിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. സംഘടനാപരമായ വിഷയങ്ങളിൽ താൻ മറുപടി പറയില്ലെന്നും അത്തരം കാര്യങ്ങളിൽ കെപിസിസി പ്രസിഡന്റ് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

