ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. അൽ വതൻ റോഡിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേരാണ് ഇതുവരെ മരിച്ചത്. മരിച്ചവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് ലഭ്യമായ വിവരം. 14 പേർക്ക് പരുക്കേറ്റതായാണ് അധികൃതർ ആദ്യം അറിയിച്ചതെങ്കിലും തുടർന്നുള്ള റിപ്പോർട്ടുകളിൽ പരുക്കേറ്റവരുടെ എണ്ണം 26 ആയി.
കണ്ണൂർ തലശ്ശേരി പന്ന്യന്നൂർ സ്വദേശി സങ്കീർത്ത സുരേഷ് (26), മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്തത്തിൽ ഹേമന്ത് പുതിയകാവിൽ (29) എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികൾ. മൂന്നാമത്തെ മലയാളിയുടെ വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ സ്ഥിരീകരണം ആവശ്യമാണ്. ഗുജറാത്ത് സ്വദേശിനി മഹിമ സോണി, തമിഴ്നാട് സ്വദേശി വിനോദ്കുമാർ എന്നിവരുടെ മരണവും ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ഒമാനിലേക്ക് വീസ മാറ്റത്തിനായി പോയി മടങ്ങുകയായിരുന്ന 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. സാങ്കേതിക തകരാറിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് യാത്രാബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആദ്യം 11 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേർ കൂടി പിന്നീട് മരിച്ചതോടെ മരണസംഖ്യ 13 ആയി.
റാസൽഖൈമ പൊലീസിന്റെ തിരച്ചിൽ-രക്ഷാ വിഭാഗം, അൽ മുനൈ പൊലീസ് സ്റ്റേഷൻ, ഹത്ത പൊലീസ്, ദുബായ് ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 12 പേർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടതായി റിപ്പോർട്ടുകളുണ്ട്.
അപകടത്തിൽപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾക്കും സഹായത്തിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ ആരംഭിച്ചിട്ടുണ്ട്. 800 46342 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം യുഎഇ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

