ഒന്നാം ക്ലാസുകാരിക്ക് രാത്രി ഒൻപതുവരെ ക്ലാസുകൾ; ആറുവയസ്സുകാരിയുടെ ദിനചര്യ വൈറൽ, വിമർശനവുമായി സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഒന്നാം ക്ലാസിൽ പഠിക്കുന്ന ആറുവയസ്സുകാരിയുടെ തിരക്കേറിയ ദിനചര്യയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്കൂൾ പഠനത്തിനുപുറമേ വിവിധ പരിശീലന ക്ലാസുകളിലും പങ്കെടുക്കുന്ന കുട്ടിയുടെ സമയക്രമം കേട്ട് അവതാരകയും പ്രേക്ഷകരും അമ്പരന്നതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.

ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് കുട്ടിയുടെ അമ്മ മകളുടെ ദൈനംദിന സമയക്രമം വിശദീകരിച്ചത്. വൈകിട്ട് 4.15ന് സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുട്ടിക്ക് ലഘുഭക്ഷണം നൽകിയശേഷം അഞ്ചുമണിക്ക് മതപഠന ക്ലാസിലേക്ക് അയക്കും. തുടർന്ന് കർണാട്ടിക് സംഗീത ക്ലാസ്, ക്യൂബ് സോൾവിങ്, അബാക്കസ് പരിശീലനം എന്നിവയിലും പങ്കെടുക്കണം. രാത്രി ഒൻപതുമണിയോടെയാണ് കുട്ടി വീട്ടിൽ തിരിച്ചെത്തുന്നത്. അതിനുശേഷവും ഗൃഹപാഠം ചെയ്യേണ്ടതുണ്ടെന്ന് അമ്മ പരിപാടിയിൽ പറഞ്ഞു.

ഈ സമയക്രമം എല്ലാ ദിവസവും പിന്തുടരുന്നതാണോയെന്ന് അവതാരക ചോദിച്ചപ്പോൾ അതെ എന്നായിരുന്നു അമ്മയുടെ മറുപടി. കുട്ടിക്ക് ഈ ദിനചര്യ ഇപ്പോൾ ശീലമായെന്നും അമ്മ വ്യക്തമാക്കി.

എന്നാൽ, ആറുവയസ്സുമാത്രം പ്രായമുള്ള കുട്ടിക്ക് ഇത്രയധികം കാര്യങ്ങൾ ഒരുദിവസം ചെയ്യേണ്ടിവരുന്നതിനെ അവതാരക ചോദ്യം ചെയ്തു. കുട്ടി ഇപ്പോഴും ചെറിയ പ്രായത്തിലാണെന്ന് അമ്മയും സമ്മതിച്ചു. ഇതോടെ കുട്ടിയുടെ പ്രായവും അവൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന തിരക്കേറിയ പരിശീലനക്രമവും തമ്മിലുള്ള വൈരുധ്യമാണ് ചർച്ചയായത്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. കുട്ടിയുടെ മുഖത്തെ ക്ഷീണവും ഉറക്കക്കുറവിന്റെ സൂചനകളും ചൂണ്ടിക്കാട്ടിയ ചിലർ, പഠനത്തിനും പരിശീലനത്തിനുമൊപ്പം കുട്ടികൾക്ക് വിശ്രമത്തിനും സ്വതന്ത്രമായ കളികൾക്കും സമയം അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ടു.

കുട്ടികളുടെ താൽപര്യങ്ങൾ വളർത്തുന്നതിനുപകരം അവരെ വിവിധ മേഖലകളിൽ മികവു തെളിയിക്കാൻ നിർബന്ധിക്കുന്നത് അവരുടെ ബാല്യകാലത്തെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നു. രക്ഷിതാക്കളുടെ സാമൂഹിക അംഗീകാരത്തിനും അഭിമാനത്തിനും വേണ്ടിയാണോ ഇത്തരം പരിശീലനങ്ങൾ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി

Leave a Reply

Your email address will not be published. Required fields are marked *