എഡ്മന്റൺ: ലൈംഗികാതിക്രമ കേസിൽ 44-കാരനായ ജോസ് മാജോ പുളിക്കോട്ടിലിനെതിരെ എഡ്മന്റൺ പൊലീസ് സർവീസ് കുറ്റം ചുമത്തി. സംഭവത്തിൽ കൂടുതൽ പരാതിക്കാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 2026 ഓഗസ്റ്റ് 17-ന് ഒരു പാർട്ടിയിൽ വെച്ച് തന്റെ സമ്മതമില്ലാതെ പ്രതി ലൈംഗികമായി സ്പർശിച്ചതായി ഒരു യുവതി പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ പരാതിയിൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരുന്നതിനിടെ, മറ്റൊരു യുവതി കൂടി പരാതിയുമായി മുന്നോട്ടുവരികയായിരുന്നു. താൻ പ്രായപൂർത്തിയാകാതിരുന്ന 2016 മുതൽ പ്രതിയുമായി ആവർത്തിച്ചുള്ള ലൈംഗിക ബന്ധമുണ്ടായിരുന്നതായാണ് രണ്ടാമത്തെ യുവതി വെളിപ്പെടുത്തിയത്.
തുടർന്ന് എഡ്മന്റൺ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ 2026 ഒക്ടോബർ 19-ന് ജോസ് മാജോ പുളിക്കോട്ടിലിനെ അറസ്റ്റ് ചെയ്തു. രണ്ട് ലൈംഗികാതിക്രമ കുറ്റങ്ങൾ , ലൈംഗിക ചൂഷണം , ലൈംഗിക സ്പർശനത്തിന് പ്രേരിപ്പിക്കൽ , കുട്ടികൾക്കെതിരായ ലൈംഗിക ഇടപെടൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കർശന ഉപാധികളോടെയാണ് പ്രതിയെ പിന്നീട് വിട്ടയച്ചത്. പൊതു നീന്തൽക്കുളങ്ങൾ, സ്കൂളുകൾ, ഡേകെയർ കേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശമുണ്ട്. 16 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരുടെ മേൽ വിശ്വാസമോ അധികാരമോ വരുന്ന രീതിയിലുള്ള സന്നദ്ധ സേവനങ്ങളിൽ ഏർപ്പെടാനോ തുടരാനോ പാടില്ല. ജോലിസ്ഥലത്തോ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിലോ അല്ലാതെ 16 വയസ്സിന് താഴെയുള്ളവരുമായി യാതൊരുവിധ ഇടപെടലുകളും നടത്തരുത്. ഇതിനുപുറമെ, തോക്കുകളോ മറ്റ് ആയുധങ്ങളോ കൈവശം വയ്ക്കരുതെന്നും പരാതിക്കാരുമായി യാതൊരു ബന്ധവും പുലർത്തരുതെന്നും വ്യവസ്ഥകളുണ്ട്.
അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേർ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ടാകാമെന്ന് പൊലീസ് കരുതുന്നു. പുളിക്കോട്ടിലിൽ നിന്ന് സമാനമായ അനുഭവങ്ങൾ നേരിട്ടിട്ടുള്ളവർ വിവരങ്ങൾ അറിയിക്കാൻ മുന്നോട്ടുവരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ കൈമാറുന്നതിനായി 780-423-4567 എന്ന നമ്പറിലോ മൊബൈൽ ഫോണിൽ നിന്ന് #377 എന്ന നമ്പറിലോ എഡ്മന്റൺ പൊലീസുമായി ബന്ധപ്പെടാവുന്നതാണ്. ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് പ്രാദേശിക സപ്പോർട്ട് സർവീസുകൾ വഴിയോ എഡ്മന്റൺ പൊലീസിന്റെ ക്രൈം ആൻഡ് ട്രോമ ഇൻഫോംഡ് സപ്പോർട്ട് സർവീസസ് വഴിയോ ആവശ്യമായ സഹായങ്ങൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
ഓസ്ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

