ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) നിയന്ത്രണമില്ലാത്ത വളർച്ച മനുഷ്യരാശിക്ക് ഗുരുതരമായ ഭീഷണിയാകാമെന്ന മുന്നറിയിപ്പുമായി എഐ സുരക്ഷാ ഗവേഷകൻ നിക്കോള ജുർകോവിച്ച് (Nikola Jurkovic). 2027-ൽ എഐ സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധി കോവിഡ് മഹാമാരിയേക്കാൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. എഐയുടെ വളർച്ചയ്ക്ക് ആഗോളതലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായ സംവിധാനങ്ങൾ രൂപപ്പെടാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
എഐ സംവിധാനങ്ങളുടെ സുരക്ഷയും അപകടസാധ്യതകളും പരിശോധിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായ METR-ലെ ഗവേഷകനാണ് നിക്കോള ജുർകോവിച്ച്. താങ്ക്സ്ഗിവിങ് ദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾക്കായി എക്സിൽ പങ്കുവച്ച തുറന്ന കത്തിലാണ് അദ്ദേഹം ആശങ്കകൾ വിശദീകരിച്ചത്. എഐയുമായി ബന്ധപ്പെട്ട് ഈ വർഷം തന്നെ നിരവധി ഗുരുതര സംഭവങ്ങൾ ഉണ്ടായതായും ചില കമ്പനികളുടെ സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ ഇത്തരം സംഭവങ്ങൾ പ്രധാനമായും സാമ്പത്തിക നഷ്ടങ്ങളിലാണ് കലാശിച്ചതെങ്കിലും അടുത്ത വർഷം വലിയ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കുപോലും കാരണമായേക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
എഐ നിയന്ത്രണം വിട്ട് നിർണായക അടിസ്ഥാനസൗകര്യങ്ങളിലേക്ക് കടന്നുകയറുക, ദുഷ്ടലക്ഷ്യങ്ങളുള്ള വ്യക്തികൾ എഐയുടെ സഹായത്തോടെ ജൈവായുധങ്ങൾ വികസിപ്പിക്കുക, നിർണായക തീരുമാനങ്ങളെടുക്കാനുള്ള അധികാരം മനുഷ്യർ യന്ത്രങ്ങൾക്ക് കൈമാറുക തുടങ്ങിയവയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയ പ്രധാന അപകടസാധ്യതകൾ.
ആഗോളതലത്തിൽ നിയന്ത്രണങ്ങളില്ലാതെ എഐ വികസനം തുടർന്നാൽ 2027-ഓടെ മനുഷ്യന്റെ ബുദ്ധിശേഷിയെ മറികടക്കുന്ന തരത്തിൽ സ്വയം മെച്ചപ്പെടാൻ കഴിയുന്ന സംവിധാനങ്ങൾ രൂപപ്പെട്ടേക്കാമെന്നും ഗവേഷകൻ മുന്നറിയിപ്പ് നൽകി. ഇത്തരം സംവിധാനങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് വിരുദ്ധമായ ലക്ഷ്യങ്ങൾ പിന്തുടരാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 2030 അവസാനത്തോടെ മനുഷ്യരാശി നശിക്കുകയോ എഐയുടെ നിയന്ത്രണത്തിലാകുകയോ ചെയ്യാനുള്ള സാധ്യത 50 ശതമാനത്തോളമാണെന്നാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ കണക്കുകൂട്ടൽ. 2027 അവസാനത്തോടെ സാധാരണ രീതിയിൽ ആഘോഷങ്ങളും അവധിദിനങ്ങളും നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകാനുള്ള സാധ്യത 5 മുതൽ 20 ശതമാനം വരെയാണെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇവ ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട പ്രവചനങ്ങളല്ല, ഗവേഷകന്റെ വ്യക്തിപരമായ കണക്കുകൂട്ടലുകളാണ്.
തൊഴിൽ മേഖലയിലും എഐ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. അടുത്ത പത്തുവർഷത്തിനുള്ളിൽ നിലവിലുള്ള മിക്ക തൊഴിലുകളും ഇല്ലാതാകുകയും ലോകജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തേക്കാം. വിദ്യാഭ്യാസം, തൊഴിൽ, കുടുംബജീവിതം തുടങ്ങിയ മേഖലകളിലെ ദീർഘകാല പദ്ധതികളെയും ഇത് ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വീടുകളിൽ രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണവും കുടിവെള്ളവും സൂക്ഷിക്കണമെന്നും ഓൺലൈൻ ബാങ്കിങ് സംവിധാനങ്ങൾ തടസ്സപ്പെട്ടാൽ ഉപയോഗിക്കാൻ പണമായി തുക കരുതണമെന്നും കുടുംബാംഗങ്ങളോട് അദ്ദേഹം നിർദേശിച്ചു.
എഐ വികസനത്തിന്റെ വേഗം നിയന്ത്രിക്കുന്നതിന് രാജ്യങ്ങൾ തമ്മിൽ ഏകോപിതമായ കർശന നിയമങ്ങൾ വേണമെന്നാണ് ജുർകോവിച്ചിന്റെ പ്രധാന ആവശ്യം. എഐയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്പ്യൂട്ടർ ശാസ്ത്രജ്ഞർ, എൻജിനീയർമാർ, സാമ്പത്തിക വിദഗ്ധർ, തത്ത്വചിന്തകർ തുടങ്ങിയവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, എഐയുടെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഗവേഷകരിൽ ജുർകോവിച്ച് മാത്രമല്ല ഉള്ളത്. എഐ മേഖലയിലെ പ്രമുഖരായ യോഷ്വ ബെൻജിയോ, ജെഫ്രി ഹിന്റൺ തുടങ്ങിയവരും നിയന്ത്രണമില്ലാത്ത എഐ വികസനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

