പുട്ടിനൊപ്പം സെൽഫിയെടുത്ത് ഇന്ത്യയുടെ ‘എഐ കിഡ്’; രാജ്യാന്തര ശ്രദ്ധ നേടി മലയാളി കൗമാരക്കാരൻ റൗൾ ജോൺ അജു

മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനൊപ്പം സെൽഫിയെടുത്ത് രാജ്യാന്തര ശ്രദ്ധ നേടി മലയാളി കൗമാരക്കാരനും എഐ സംരംഭകനുമായ റൗൾ ജോൺ അജു. ‘ഇന്ത്യയുടെ എഐ കിഡ്’ എന്നറിയപ്പെടുന്ന റൗൾ, റഷ്യയിൽ നടന്ന എഐ ജേർണി 2026 (AI Journey 2026) രാജ്യാന്തര സമ്മേളനത്തിനിടെയാണ് പുട്ടിനെ നേരിൽ കാണുകയും കൈകൊടുത്ത് സംസാരിക്കുകയും സെൽഫിയെടുക്കുകയും ചെയ്തത്.

നവംബർ 26-ന് ആരംഭിച്ച സമ്മേളനത്തിൽ പുട്ടിനും കസാഖ്സ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവും യുവ സാങ്കേതികവിദ്യാ പ്രതിഭകളുമായി സംവദിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് റൗളിനും റഷ്യൻ പ്രസിഡന്റുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചത്. പുട്ടിനൊപ്പമുള്ള ചിത്രം റൗൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി.

ഒൻപതാം വയസ്സിൽ ബാത്റൂമിലിരുന്ന് ആദ്യ വിഡിയോ നിർമിച്ചുതുടങ്ങിയ താൻ പുട്ടിനൊപ്പം സെൽഫിയെടുക്കുന്ന നിലയിലെത്തുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ലെന്ന് റൗൾ കുറിച്ചു. മോസ്കോയിലെ സമ്മേളനത്തിൽ തന്നേക്കാൾ അറിവും അനുഭവസമ്പത്തുമുള്ള നിരവധി പേരെ കണ്ടുമുട്ടിയെന്നും ഇനിയും ഏറെ പഠിക്കാനുണ്ടെന്ന തിരിച്ചറിവ് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ കൈവരിച്ച നേട്ടങ്ങളേക്കാൾ ഈ യാത്രയിലൂടെ താൻ രൂപപ്പെട്ട വ്യക്തിത്വത്തിലാണ് സന്തോഷമെന്നും കുറിപ്പിലുണ്ട്.

ആരാണ് റൗൾ ജോൺ അജു?

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയായ റൗൾ, സാങ്കേതികവിദ്യയോടുള്ള താൽപര്യത്തിലൂടെയാണ് ചെറുപ്രായത്തിൽത്തന്നെ ശ്രദ്ധ നേടിയത്. പിതാവിന് അഡോബി (Adobe) കമ്പനിയിൽ ജോലി ലഭിച്ചതിനെത്തുടർന്ന് വിഡിയോ എഡിറ്റിങ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പരിചയപ്പെട്ടതാണ് എഐ മേഖലയിലേക്കുള്ള തുടക്കമെന്ന് റൗൾ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

12-ാം വയസ്സിൽ സ്കൂൾ ശാസ്ത്രമേളയിലെ പദ്ധതിയുടെ ഭാഗമായി ‘മീബോട്ട്’ (MeBot) എന്ന റോബോട്ട് നിർമിച്ചു. പിന്നീട് നിരവധി എഐ അധിഷ്ഠിത ഉപകരണങ്ങളും സാങ്കേതികവിദ്യാ സംവിധാനങ്ങളും വികസിപ്പിച്ചു. എഐ റെലം ടെക്നോളജീസ് (AI Realm Technologies) എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് റൗൾ.

വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും എഐ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന പ്രവർത്തനങ്ങളിലും റൗൾ സജീവമാണ്. തിങ്ക്‌ക്രാഫ്റ്റ് അക്കാദമി (ThinkCraft Academy) എന്ന വിദ്യാഭ്യാസ സംരംഭത്തിലൂടെ എഐയുടെ പ്രായോഗിക ഉപയോഗങ്ങളെക്കുറിച്ച് പരിശീലനം നൽകിവരുന്നു. പൊതുസേവന മേഖലകളിൽ എഐ പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെയും ദുബായിലെയും ഭരണകൂടങ്ങൾക്ക് ഉപദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സാങ്കേതികവിദ്യാ രംഗത്ത് പ്രവർത്തിക്കുന്ന റൗളിന്റെ പിതാവും മകന്റെ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്. ആമസോൺ, അഡോബി, വിപ്രോ, ഐബിഎം തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ളയാളാണ് പിതാവ് അജു ജോസഫ്.

കൗമാരപ്രായത്തിൽത്തന്നെ സംരംഭകത്വത്തിലും എഐ സാങ്കേതികവിദ്യയിലും വ്യക്തിമുദ്ര പതിപ്പിച്ച റൗളിന്റെ പുട്ടിനുമായുള്ള കൂടിക്കാഴ്ച ഇന്ത്യയിലെ യുവ സാങ്കേതികവിദ്യാ പ്രതിഭകളുടെ വളർച്ചയിലേക്കും ശ്രദ്ധ ക്ഷണിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *