തൊടുപുഴ: നിരാലംബർക്കും സാധാരണക്കാർക്കും താങ്ങും തണലുമായി പ്രവർത്തിക്കുന്ന കേരള ഭാഗ്യക്കുറിക്ക് സർക്കാർ ആവശ്യമായ സംരക്ഷണം നൽകുമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനവും ടിക്കറ്റ് പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ, ഭിന്നശേഷിക്കാർ, കാഴ്ചപരിമിതിയുള്ളവർ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ആയിരക്കണക്കിന് ആളുകൾക്ക് വരുമാനമാർഗ്ഗമെന്ന നിലയിൽ വലിയ സഹായമാണ് ലോട്ടറി വിതരണ രംഗം നൽകുന്നത്. നിരവധി പരാതികളും ആശങ്കകളും നേരിടുന്ന ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ച് സർക്കാർ ലോട്ടറിക്ക് സംരക്ഷണമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ. ദീപക് വിശിഷ്ടാതിഥിയായി പങ്കെടുത്തു. വാർഡ് കൗൺസിലർ ആതിര ജോഷി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാഹുൽ ഹമീദ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജോയി മൈലാടിയിൽ, ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസർ ക്രിസ്റ്റി മൈക്കിൾ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ജോസഫ് സൈമൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

