കൊച്ചി: ഇടുക്കി ചിന്നക്കനാൽ മേഖലയിലെ കാട്ടാന ‘ചക്കക്കൊമ്പനെ’ വീണ്ടും മയക്കുവെടി വെക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. മാധ്യമശ്രദ്ധ നേടാനാണ് ഇത്തരം ഹർജികളെന്ന് വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതിൽ നിന്നും വനംവകുപ്പിനെ തടയണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനായി റേഡിയോ കോളർ ഘടിപ്പിക്കാൻ വേണ്ടിയാണ് മയക്കുവെടി വെക്കുന്നതെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു. പ്രദേശവാസികൾക്ക് കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാനും, കോടതി അംഗീകരിച്ച മാനദണ്ഡങ്ങൾ (എസ്.ഒ.പി) പാലിച്ചുമാണ് ഈ ദൗത്യം നടത്തുന്നതെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

