മയക്കുവെടിയിലും മെരുങ്ങാതെ ചക്കക്കൊമ്പൻ; റേഡിയോ കോളർ ദൗത്യം താത്കാലികമായി നിർത്തി

തൊടുപുഴ: ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി ഭീഷണി സൃഷ്ടിക്കുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം മൂന്നാം ദിവസവും പരാജയപ്പെട്ടു. ഇതോടെ ദൗത്യം താത്കാലികമായി നിർത്തിവച്ചതായി വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാർ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ സിങ്കുകണ്ടം 301 കോളനി അങ്കണവാടിക്ക് സമീപത്തുവച്ചാണ് ചക്കക്കൊമ്പനുനേരെ ആദ്യ മയക്കുവെടി ഉതിർത്തത്. എന്നാൽ ആന ഓടിമാറിയതിനാൽ വെടിയുണ്ട ശരീരത്തിൽ കൊണ്ടില്ല. തുടർന്ന് രണ്ടാമത്തെ ഡോസ് നൽകി. അരമണിക്കൂറിനുശേഷം ബൂസ്റ്റർ ഡോസും നൽകിയെങ്കിലും ആന പൂർണമായി മയങ്ങിയില്ല.

ഇതിനിടെ ആനയിറങ്കൽ ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് നീങ്ങിയ ആന വെള്ളത്തിലിറങ്ങിയത് ദൗത്യസംഘത്തെ ആശങ്കയിലാക്കി. ബോട്ടിലെത്തിയ സംഘം ആനയെ കരയ്ക്കെത്തിക്കാൻ ശ്രമിച്ചു. പടക്കം പൊട്ടിച്ച് ആനയെ മറുകരയിലെത്തിക്കുകയായിരുന്നു.

തീരത്തോടു ചേർന്നുള്ള പുൽത്തകിടിയിൽ നിലയുറപ്പിച്ച ആനയെ നിയന്ത്രണത്തിലാക്കാൻ കുങ്കിയാനകളെ എത്തിച്ചെങ്കിലും ചക്കക്കൊമ്പൻ വനത്തിന് സമീപത്തേക്ക് നീങ്ങി. ഇതോടെ കുങ്കിയാനകളെ അകറ്റി. ഇതിനിടെ മയക്കത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ആനയുടെ അടുത്തേക്ക് ദൗത്യസംഘം എത്താൻ ശ്രമിച്ചെങ്കിലും പ്രകോപിതനായ ആന സംഘാംഗങ്ങളെ വിരട്ടിയോടിച്ചു.

ആനയുടെ ആരോഗ്യസ്ഥിതിയും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് വെള്ളിയാഴ്ച വൈകിട്ട് ആറോടെ ദൗത്യം താത്കാലികമായി അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ചക്കക്കൊമ്പന്റെ സഞ്ചാരം നിരീക്ഷിച്ച് റേഡിയോ കോളർ ഘടിപ്പിക്കുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. കോളർ ഘടിപ്പിക്കുന്നതിലൂടെ ആനയുടെ നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിക്കാനും ജനവാസമേഖലകളിലേക്ക് കടക്കുന്നത് മുൻകൂട്ടി മനസിലാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കാനും വനംവകുപ്പിന് സാധിക്കും.

മൂന്നു ദിവസമായി നടത്തിയ ശ്രമങ്ങൾ ലക്ഷ്യം കാണാത്തതിനെത്തുടർന്നാണ് ദൗത്യം താത്കാലികമായി നിർത്തിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *