തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; 12 വർഷത്തെ ലേബർ ഭരണത്തിന് അന്ത്യമായതോടെ പരാജയം സമ്മതിച്ച് ബെൻ കരോൾ

മെൽബൺ: ശനിയാഴ്ച നടന്ന വിക്ടോറിയ സംസ്ഥാന തിരഞ്ഞെടുപ്പിൽ ലിബറൽ-നാഷണൽ സഖ്യം (Coalition) വിജയം ഉറപ്പിച്ചതോടെ, 12 വർഷം നീണ്ട ലേബർ പാർട്ടി ഭരണത്തിന് അന്ത്യമായതായി സമ്മതിച്ച് സ്ഥാനമൊഴിയുന്ന പ്രീമിയർ ബെൻ കരോൾ. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിക്കാൻ ബെൻ കരോൾ സഖ്യത്തിന്റെ നേതാവ് ജെസ് വിൽസണെ ഫോണിൽ വിളിച്ചു. ഇതോടെ വിക്ടോറിയയുടെ അടുത്ത പ്രീമിയറായി ജെസ് വിൽസൺ അധികാരമേൽക്കും. സംസ്ഥാനത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിൽ വലിയൊരു മാറ്റത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

ജസീന്ത അലന് പകരക്കാരനായി കഴിഞ്ഞ ജൂലൈയിൽ അധികാരമേറ്റ ബെൻ കരോളിന് വെറും നാല് മാസം മാത്രമാണ് പ്രീമിയർ പദവിയിൽ തുടരാനായത്. സ്വന്തം മണ്ഡലമായ നിഡ്രിയിലും കരോളിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ലിബറൽ സ്ഥാനാർത്ഥി സമാന്ത ബൈർണിനോട് അദ്ദേഹം പരാജയപ്പെടുമെന്നാണ് പുറത്തുവരുന്ന ഫലസൂചനകൾ. ഇതോടെ നിഡ്രിയിൽ 14 വർഷമായി തുടരുന്ന അദ്ദേഹത്തിന്റെ എം.പി സ്ഥാനത്തിനും, 1976 മുതൽ 50 വർഷമായി ലേബർ പാർട്ടി കൈവശം വച്ചിരുന്ന മണ്ഡലത്തിലെ ആധിപത്യത്തിനും അന്ത്യമാകുകയാണ്.

ക്രമസമാധാന പ്രശ്നങ്ങൾ, സംസ്ഥാനത്തിന്റെ കടബാധ്യത, നേതൃത്വത്തിലെ മാറ്റങ്ങൾ, ജീവിതച്ചെലവ് വർദ്ധനവ് തുടങ്ങിയ വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് പ്രധാന വെല്ലുവിളിയായത്.

ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

Leave a Reply

Your email address will not be published. Required fields are marked *