ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കം; ലിബറൽ സെനറ്റർ ലിയ ബ്ലിത്ത് പോളിൻ ഹാൻസന്റെ ‘വൺ നേഷൻ’ പാർട്ടിയിൽ ചേർന്നു

കാൻബെറ: ഓസ്‌ട്രേലിയൻ പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടി നൽകി ലിബറൽ സെനറ്റർ ലിയ ബ്ലിത്ത് പോളിൻ ഹാൻസന്റെ ‘വൺ നേഷൻ’ പാർട്ടിയിൽ ചേർന്നു. ഇതോടെ സൗത്ത് ഓസ്‌ട്രേലിയയിൽ നിന്ന് വൺ നേഷൻ പാർട്ടിക്ക് ആദ്യമായി സെനറ്റ് പ്രാതിനിധ്യം ലഭിക്കുകയും, സെനറ്റിലെ പാർട്ടിയുടെ അംഗബലം അഞ്ചായി ഉയരുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെ പ്രഖ്യാപിച്ച ഈ തീരുമാനം പ്രതിപക്ഷ സഖ്യത്തിനും പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറിനും വലിയ ആഘാതമാണ്. പ്രതിപക്ഷത്തിന്റെ ഷാഡോ മന്ത്രിസഭയിൽ അംഗമായിരുന്ന ബ്ലിത്ത്, മുൻപ് സൗത്ത് ഓസ്‌ട്രേലിയൻ ലിബറൽ പാർട്ടിയെ നയിച്ചിട്ടുമുണ്ട്. സൈമൺ ബർമിംഗ്ഹാം വിരമിച്ച ഒഴിവിൽ 2025 ഫെബ്രുവരിയിലാണ് ലിയ ബ്ലിത്ത് സെനറ്റിലേക്ക് എത്തിയത്.

ഓസ്‌ട്രേലിയയ്ക്ക് ആവശ്യമായ നേതൃത്വം നൽകാനുള്ള ലിബറൽ പാർട്ടിയുടെ കഴിവിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായാണ് ബ്ലിത്ത് വ്യക്തമാക്കിയത്. മറ്റ് പാർട്ടികൾ ഒഴിഞ്ഞുമാറുന്ന വിഷയങ്ങളെ നേരിടാൻ വൺ നേഷൻ തയ്യാറാണെന്നും രാജ്യത്തിന്റെ ദിശ മാറ്റാൻ ആവശ്യമായ ആശയങ്ങൾ അവർക്കുണ്ടെന്നും ബ്ലിത്ത് പറഞ്ഞു. സർക്കാർ ചെലവുകൾ, കുടിയേറ്റ നയങ്ങൾ, നെറ്റ് സീറോ നയങ്ങൾ എന്നിവ ഓസ്‌ട്രേലിയക്കാരുടെ ജീവിതനിലവാരത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നുണ്ടെന്നും അവർ വിമർശിച്ചു.

തങ്ങളുടെ പാർട്ടി കൈവിട്ടെന്ന് കരുതുന്ന മുൻ ലിബറൽ അനുഭാവികൾക്കിടയിൽ ബ്ലിത്തിന്റെ തീരുമാനം വലിയ ചലനമുണ്ടാക്കുമെന്ന് വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ പ്രതികരിച്ചു. പാർട്ടി അങ്ങോട്ട് ക്ഷണിച്ചതല്ലെന്നും, ബ്ലിത്ത് ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും ഹാൻസൺ പറഞ്ഞു. മുൻ നാഷണൽസ് നേതാവ് ബാർണബി ജോയ്‌സ് വൺ നേഷൻ പാർട്ടിയിൽ ചേർന്ന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഈ പുതിയ കൂറുമാറ്റം.

അതേസമയം, ബ്ലിത്തിന്റെ നീക്കത്തിനെതിരെ സഖ്യകക്ഷി നേതാക്കൾ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സ്വാർത്ഥതാല്പര്യം മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നാഷണൽസ് നേതാവ് മാറ്റ് കനവൻ ആരോപിച്ചു. മുൻപ് നെറ്റ് സീറോ നയങ്ങളെ പിന്തുണയ്ക്കുകയും വിദ്വേഷ പ്രസംഗ നിയമങ്ങളിൽ വ്യത്യസ്ത നിലപാട് എടുക്കുകയും ചെയ്ത ബ്ലിത്ത് ഇപ്പോൾ ആശയപരമായ യോജിപ്പ് പറയുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി യോഗങ്ങളിൽ പോലും തന്റെ ആശങ്കകൾ ഉന്നയിക്കാതെയാണ് ബ്ലിത്ത് പുറത്തുപോയതെന്നും തീരുമാനം നിരാശാജനകമാണെന്നും ലിബറൽ ഉപനേതാവ് ജെയ്ൻ ഹ്യൂം പറഞ്ഞു.

ഈ ആഴ്ച പുറത്തുവന്ന സർവേ പ്രകാരം ലേബർ പാർട്ടിയും വൺ നേഷൻ പാർട്ടിയും 27 ശതമാനം പ്രാഥമിക വോട്ടുകളുമായി ഒപ്പത്തിനൊപ്പമെത്തിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ കൂറുമാറ്റം. സഖ്യത്തിന് 22 ശതമാനം വോട്ടുകൾ മാത്രമാണ് സർവേയിൽ ലഭിച്ചത്. വൺ നേഷൻ പ്രതിനിധിയായി സെനറ്റിൽ തുടരുന്ന ലിയ ബ്ലിത്ത് 2028-ൽ പ്രതീക്ഷിക്കുന്ന അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടും.

ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

Leave a Reply

Your email address will not be published. Required fields are marked *