സ്കൂൾ വിദ്യാർത്ഥികളുടെ ഗണിതപഠനം മെച്ചപ്പെടുത്താൻ 50 മില്യൺ ഡോളറിന്റെ പദ്ധതിയുമായി എൻ.എസ്.ഡബ്ല്യു പ്രതിപക്ഷം

സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഗണിതശാസ്ത്ര പഠനനിലവാരം ഉയർത്തുന്നതിനായി 50 മില്യൺ ഡോളറിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച് ലിബറൽ-നാഷണൽ സഖ്യം. രാജ്യത്ത് ഏറ്റവും മികച്ച ഗണിതപഠന ഫലങ്ങളുള്ള സംസ്ഥാനമായി എൻ.എസ്.ഡബ്ല്യുവിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ, പ്രതിപക്ഷ നേതാവ് കെല്ലി സ്ലോൺ നവംബർ 22-നാണ് ‘അവർ കിഡ്സ് കൗണ്ട് – മാത്‌സ് ഗ്യാരണ്ടി ഫോർ എൻ.എസ്.ഡബ്ല്യു സ്റ്റുഡന്റ്സ്’ എന്ന പദ്ധതി അവതരിപ്പിച്ചത്. സഖ്യത്തിന്റെ ‘സ്ട്രോങ്ങർ ഫ്യൂച്ചേഴ്സ്’ വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.

അടുത്ത 10 വർഷത്തിനുള്ളിൽ ‘നാപ്ലാൻ’ ഗണിത പരീക്ഷാ ഫലങ്ങളിൽ 15 പോയിന്റ് വർദ്ധനവുണ്ടാക്കുകയും, 90 ശതമാനം വിദ്യാർത്ഥികളിലും ഗണിതപ്രാവീണ്യം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ദീർഘകാല ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തെ മികച്ച നിലവാരത്തിലുള്ള അഞ്ച് ‘മാത്‌സ് ഹബ്ബുകൾ’ സ്ഥാപിക്കും. കൂടാതെ, പൊതുവിദ്യാലയങ്ങളിലെ നാലാം ക്ലാസ് (Year 4) വിദ്യാർത്ഥികൾക്കായി ഗുണനപ്പട്ടിക പരിശോധന പരീക്ഷണാടിസ്ഥാന ത്തിൽ നടപ്പിലാക്കാനും, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനം നൽകാനും പദ്ധതി വിഭാവനം ചെയ്യുന്നു. ഒന്നാം ക്ലാസിലെ ‘നമ്പർ ചെക്ക്’, നാലാം ക്ലാസിലെ ‘ടൈംസ് ടേബിൾ ചെക്ക്’ എന്നിവയിൽ നിശ്ചിത നിലവാരം പുലർത്താത്ത കുട്ടികൾക്കായിരിക്കും ഈ അധിക പിന്തുണ നൽകുക.

മിൻസ് ലേബർ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള മൂന്ന് വർഷത്തിനിടെ, ഗണിതത്തിൽ അധിക സഹായം ആവശ്യമുള്ള മൂന്നാം ക്ലാസ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ നാലിലൊന്നിലധികം വർദ്ധനവുണ്ടായതായി എൻ.എസ്.ഡബ്ല്യു ലിബറൽസ് ചൂണ്ടിക്കാട്ടി. 2026-ലെ നാപ്ലാൻ ഫലങ്ങൾ പ്രകാരം സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളിൽ മൂന്നിലൊരാൾ ദേശീയ ഗണിത നിലവാരത്തിൽ പിന്നിലാണ്.

അടിസ്ഥാന കാര്യങ്ങൾ കൃത്യമായി പഠിപ്പിക്കുകയും അധ്യാപകരെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ എല്ലാ കുട്ടികൾക്കും മികച്ച വിജയം നേടാനാകുമെന്ന് കെല്ലി സ്ലോൺ പറഞ്ഞു. ഒരു ക്ലാസ് മുറിയിലെ മൂന്നിലൊന്ന് കുട്ടികൾക്ക് ഗണിതത്തിൽ പ്രാവീണ്യമില്ലാത്ത അവസ്ഥ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. പണം കൈകാര്യം ചെയ്യുന്നത് മുതൽ മികച്ച ജോലി നേടുന്നത് വരെയുള്ള കാര്യങ്ങൾക്ക് ഗണിതം അത്യന്താപേക്ഷിതമായ ജീവിത നൈപുണ്യമാണെന്നും, സംസ്ഥാനത്തെ ഓരോ കുട്ടിയും പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാ ക്കുമ്പോൾ അക്കങ്ങളുടെ കാര്യത്തിൽ ആത്മവിശ്വാസമുള്ളവരായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

Leave a Reply

Your email address will not be published. Required fields are marked *