വിക്ടോറിയയിൽ ചരിത്രവിജയവുമായി ലിബറൽ-നാഷണൽ സഖ്യം; ലേബർ പാർട്ടിക്ക് വൻ തകർച്ച, പ്രതിപക്ഷ പദവിയും നഷ്ടമായേക്കും

മെൽബൺ: രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് വിക്ടോറിയ സംസ്ഥാന തിരഞ്ഞെടുപ്പിൽ തനിച്ചു ഭൂരിപക്ഷം നേടി ലിബറൽ-നാഷണൽ സഖ്യം അധികാരത്തിലേക്ക്. 1999-ൽ ജെഫ് കെന്നറ്റിന്റെ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷം, 27 വർഷത്തിനിടെ ആകെ നാല് വർഷം മാത്രമാണ് സഖ്യത്തിന് വിക്ടോറിയ ഭരിക്കാനായത്. എന്നാൽ, ലേബർ സർക്കാരിന്റെ ഭരണപരാജയവും സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധികളും സഖ്യത്തിന് അനുകൂലമായ വൻ തരംഗമായി മാറുകയായിരുന്നു.

36-കാരിയായ കന്നി എം.പി ജെസ് വിൽസണിന്റെ നേതൃത്വത്തിലുള്ള സഖ്യം, സ്വതന്ത്രരുടെയോ മറ്റ് ചെറുകക്ഷികളുടെയോ പിന്തുണയില്ലാതെ തന്നെ അധോസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പിച്ചു. 80 വർഷത്തിനിടെ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെടുന്ന ആദ്യ വിക്ടോറിയൻ പ്രീമിയറായി ബെൻ കരോൾ മാറി.

മെട്രോപൊളിറ്റൻ മെൽബണിൽ ഉൾപ്പെടെ ലേബർ പാർട്ടിക്ക് വൻ തകർച്ചയാണ് നേരിട്ടത്. ലേബർ പാർട്ടിയോട് അതൃപ്തരായ വോട്ടർമാർ സഖ്യത്തിലേക്കോ വൺ നേഷൻ പാർട്ടിയിലേക്കോ മാറുന്നതിന് പകരം ഗ്രീൻസ് പാർട്ടിയെ പിന്തുണച്ചതോടെ ഗ്രീൻസിന് വലിയ മുന്നേറ്റമുണ്ടാക്കാനായി. നിലവിലെ ഫലസൂചനകൾ തുടരുകയാണെങ്കിൽ വിക്ടോറിയയിലെ പ്രധാന പ്രതിപക്ഷ പദവി പോലും ലേബർ പാർട്ടിക്ക് ഗ്രീൻസിന് മുന്നിൽ അടിയറവ് വെക്കേണ്ടി വന്നേക്കാം. അതേസമയം, ഉപരിസഭയിൽ വലിയൊരു അംഗബലം നേടിയെടുത്ത വൺ നേഷൻ പാർട്ടി, സഭയിൽ നിർണ്ണായക ശക്തിയായി മാറാനും സാധ്യതയുണ്ട്

ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

Leave a Reply

Your email address will not be published. Required fields are marked *