കൊൽക്കത്ത: പ്രൊഫഷണൽ ടെന്നീസിൽ വനിതാ സിംഗിൾസ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഗുജറാത്തിൽ നിന്നുള്ള 14കാരി ജെൻസി കനബാർ. മുൻ ഇന്ത്യൻ താരം സാനിയ മിർസയുടെ 24 വർഷം പഴക്കമുള്ള റെക്കോർഡാണ് ജെൻസി മറികടന്നത്.
കൊൽക്കത്തയിൽ നടക്കുന്ന എച്ച്സിഎൽ ഐടിഎഫ് ഡബ്ല്യു15 ടൂർണമെന്റിന്റെ സെമിഫൈനലിൽ നെതർലൻഡ്സിന്റെ ഫ്ലോറന്റൈൻ ഡെക്കേഴ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജെൻസി ഫൈനലിൽ പ്രവേശിച്ചത്. 6-1, 6-0 എന്ന സ്കോറിനായിരുന്നു വിജയം. വെറും 54 മിനിറ്റിനുള്ളിൽ മത്സരം പൂർത്തിയാക്കിയ ജെൻസി ഇതാദ്യമായാണ് ഒരു പ്രൊഫഷണൽ സിംഗിൾസ് ഫൈനലിലെത്തുന്നത്.
14 വയസും 11 മാസവുമാണ് ജെൻസിയുടെ പ്രായം. 2002ൽ ഹൈദരാബാദിൽ നടന്ന ഐടിഎഫ് ടൂർണമെന്റിന്റെ സിംഗിൾസ് ഫൈനലിലെത്തുമ്പോൾ സാനിയ മിർസയ്ക്ക് 15 വയസും 10 മാസവുമായിരുന്നു പ്രായം. ഏകദേശം ഒരു വർഷം കുറഞ്ഞ പ്രായത്തിൽ നേട്ടം കൈവരിച്ചാണ് ജെൻസി സാനിയയുടെ റെക്കോർഡ് തിരുത്തിയത്.
ടൂർണമെന്റിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ജെൻസി മുന്നേറിയത്. ആദ്യ റൗണ്ടിൽ ഇന്ത്യയുടെ റിയ സച്ച്ദേവയെ 6-1, 6-2നും രണ്ടാം റൗണ്ടിൽ ഡെൻമാർക്കിന്റെ എലീന ജാംഷിദിയെ 6-3, 6-0നും പരാജയപ്പെടുത്തി. ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ നാലാം സീഡ് മരിയ കല്യാകിനയെ 7-6(4), 6-2 എന്ന സ്കോറിനും തോൽപ്പിച്ചു.
ഫൈനലിൽ ഇന്തോനേഷ്യയുടെ ടോപ് സീഡ് പ്രിസ്ക മാഡലിൻ നുഗ്രോഹോയെയാണ് ജെൻസി നേരിടുന്നത്. തായ്‌ലൻഡിന്റെ കമോൻവാൻ യോഡ്‌പെച്ചിനെ 6-1, 6-4ന് പരാജയപ്പെടുത്തിയാണ് പ്രിസ്ക ഫൈനലിലെത്തിയത്.
ഇന്ത്യൻ വനിതാ ടെന്നീസിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയ ജെൻസിക്ക് കന്നി പ്രൊഫഷണൽ സിംഗിൾസ് കിരീടം നേടാനുള്ള അവസരം കൂടിയാണ് ഫൈനൽ.

