വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നികുതി-ചെലവ് നിയമത്തിലെ വ്യവസ്ഥകൾ മൂലം രാജ്യത്ത് നിയമാനുസൃതമായി താമസിക്കുന്ന ഏകദേശം മൂന്ന് ലക്ഷം കുടിയേറ്റക്കാർക്ക് മെഡികെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നഷ്ടമായേക്കും. 2027 ഫെബ്രുവരി ഒന്നുമുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ പ്രായമായവരും ഭിന്നശേഷിക്കാരുമായ നിരവധി കുടിയേറ്റക്കാരെ ഇത് ബാധിക്കും.
‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ (One Big Beautiful Bill Act) എന്നറിയപ്പെടുന്ന എച്ച്.ആർ. 1 നിയമമാണ് മെഡികെയർ ആനുകൂല്യങ്ങൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്. 2025 ജൂലൈ നാലിന് നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യോഗ്യതയില്ലാത്ത നിലവിലെ ഗുണഭോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ച് സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (എസ്.എസ്.എ.) അറിയിപ്പുകൾ അയച്ചുതുടങ്ങി.
അഭയാർഥികൾ, അഭയം ലഭിച്ചവർ, താൽക്കാലിക സംരക്ഷണ പദവിയിലുള്ളവർ (TPS), മനുഷ്യക്കടത്തിന് ഇരയായവർ തുടങ്ങിയവരെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രധാനമായും ബാധിക്കുക. വർഷങ്ങളായി അമേരിക്കയിൽ താമസിക്കുകയും ജോലി ചെയ്ത് മെഡികെയറിലേക്ക് നികുതി അടയ്ക്കുകയും ചെയ്തവരിൽ പലരും ഇതോടെ ആനുകൂല്യത്തിന് അയോഗ്യരാകും.
പുതിയ നിയമപ്രകാരം മെഡികെയർ ലഭിക്കാൻ അമേരിക്കൻ പൗരന്മാർക്കും പൗരത്വമുള്ളവർക്കും പുറമെ സ്ഥിരതാമസക്കാരായ ഗ്രീൻ കാർഡ് ഉടമകൾ, ചില ക്യൂബൻ-ഹെയ്തിയൻ കുടിയേറ്റക്കാർ, പ്രത്യേക അന്താരാഷ്ട്ര കരാറുകൾ പ്രകാരം അമേരിക്കയിൽ താമസിക്കുന്നവർ എന്നിവർ മാത്രമാണ് യോഗ്യർ. അഭയാർഥികൾക്കും അഭയം ലഭിച്ചവർക്കും താൽക്കാലിക സംരക്ഷണ പദവിയിലുള്ളവർക്കും ഈ പട്ടികയിൽ ഇടമില്ല.
നിയമം മൂലം ബാധിക്കപ്പെടുന്നവരിൽ പലരും പത്തുവർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്നവരും ജോലി ചെയ്തവരുമാണ്. ഇവർ മെഡികെയർ പദ്ധതിയിലേക്ക് ആകെ ആറു ബില്യൺ ഡോളറിലധികം സംഭാവന നൽകിയിട്ടുണ്ടെന്നാണ് ഫെഡറൽ കണക്കുകൾ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഗ്രീൻ കാർഡിന് അംഗീകാരം ലഭിച്ചിട്ടും രേഖകൾ ലഭിക്കുന്നതിനുള്ള കാലതാമസം നേരിടുന്നവരും ഇവരിലുണ്ട്
ഡയാലിസിസ് രോഗികൾക്കും തിരിച്ചടി
വൃക്കരോഗം മൂലം അവസാനഘട്ട വൃക്കസ്തംഭനം നേരിടുന്നവരെയാണ് പുതിയ നിയന്ത്രണങ്ങൾ ഗുരുതരമായി ബാധിക്കാനിടയുള്ളത്. ജീവൻ നിലനിർത്താൻ പതിവായി ഡയാലിസിസ് ആവശ്യമായ ഇവർക്ക് മെഡികെയർ പരിരക്ഷ നഷ്ടപ്പെട്ടാൽ ചികിത്സ തുടരുന്നത് സാമ്പത്തികമായി പ്രയാസകരമാകും. മറ്റ് ദീർഘകാല രോഗങ്ങളുള്ളവർക്കും മരുന്നുകളും തുടർചികിത്സയും ലഭ്യമാക്കുന്നതിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധരും കുടിയേറ്റ അവകാശ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.
അപ്പീൽ നൽകാൻ അവസരം
യോഗ്യത നഷ്ടപ്പെടാൻ സാധ്യതയുള്ളവരെ അറിയിച്ചുകൊണ്ട് എസ്.എസ്.എ. കത്തുകൾ അയച്ചിട്ടുണ്ട്. കുടിയേറ്റ പദവിയിൽ മാറ്റമുണ്ടായിട്ടുണ്ടെന്നോ തങ്ങൾ പുതിയ മാനദണ്ഡങ്ങൾ പ്രകാരം യോഗ്യരാണെന്നോ തെളിയിക്കുന്ന രേഖകൾ സമർപ്പിച്ച് തീരുമാനത്തിനെതിരെ അപ്പീൽ നൽകാം. അറിയിപ്പ് ലഭിച്ചശേഷം 60 ദിവസത്തിനുള്ളിൽ രേഖാമൂലം അപ്പീൽ നൽകണമെന്നാണ് എസ്.എസ്.എയുടെ ഔദ്യോഗിക നിർദ്ദേശം
അതേസമയം, സർക്കാർ രേഖകളിൽ പൗരത്വമോ കുടിയേറ്റ പദവിയോ സംബന്ധിച്ച വിവരങ്ങൾ കൃത്യമല്ലെങ്കിൽ അർഹരായ ചിലർക്കും തെറ്റായി ആനുകൂല്യം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പുതിയ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്നവർ ഫെഡറൽ ആനുകൂല്യങ്ങൾ അർഹരായവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വാദിക്കുന്നു. എന്നാൽ വർഷങ്ങളായി നികുതി അടച്ചിട്ടും ആരോഗ്യപരിരക്ഷ നഷ്ടപ്പെടുന്ന സാഹചര്യം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കുടിയേറ്റ അവകാശ സംഘടനകൾ വിമർശിക്കുന്നു.

