അമീബിക് മസ്തിഷ്‌ക ജ്വരം കോഴിക്കോട് ഒരാള്‍ക്കു കൂടി സ്ഥിരീകരിച്ചു, പതിനൊന്നു പേര്‍ ഇപ്പോള്‍ ചികിത്സയില്‍

കോഴിക്കോട്: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ പതിമൂന്നുകാരനാണ് കോഴിക്കോട മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ചികിത്സയിലായിരിക്കുന്നത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പത്തു പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരവുമായി ചികിത്സയിലുണ്ട്. ഒരാള്‍ കോഴിക്കോട്ടെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം രോഗംബാധിച്ച് കോഴിക്കോട്ടു തന്നെ ഒരാള്‍ കൂടി മരിച്ചിരുന്നു. തൃശൂര്‍ ചാവക്കാട് സ്വദേശിയായ റഹീം ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. അഞ്ച് ഇനങ്ങളില്‍ ഏതിലെങ്കിലും പെട്ട അമീബയാണ് ഈ രോഗം വരുത്തിവയ്ക്കുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവര്‍ക്കാണ് രോഗം വരികയെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ തന്നെ ശിശുക്കള്‍ക്കും വയോധികര്‍ക്കും ഉള്‍പ്പെടെ രോഗം വന്നു കഴിഞ്ഞു. ഇവരില്‍ പുഴയില്‍ കുളക്കാത്തവര്‍ പോലുമുണ്ട്.