എലികളുടെ ഗോളാന്തര യാത്ര! റഷ്യ ബഹിരാകാശത്തേക്ക് അയച്ച 75 എലികളും 1500 ഈച്ചകളും തിരിച്ചെത്തിയപ്പോള്‍

മോസ്‌കോ: ബഹിരാകാശത്ത് ജീവജാലങ്ങളുടെ അതിജീവനം എങ്ങനെയായിരിക്കുമെന്ന വിപുലമായ പഠനത്തിന്റെ ഭാഗമായി റഷ്യ വിക്ഷേപിച്ച ബയോണ്‍ എം 2 പരീക്ഷണ പേടകം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. മുപ്പതു ദിവസത്തെ പഠനത്തിനും പരീക്ഷണത്തിനുമായി ഓഗസ്റ്റ് 20നാണ് ഇവയെ വഹിച്ചുകൊണ്ടുള്ള ഉപഗ്രഹം ഖസക്ക്‌സഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നു പറന്നുയര്‍ന്നത്. ഇവയില്‍ ഉണ്ടായിരുന്നത് ആരൊക്കെയാണെന്നറിയുമ്പോഴേ പഠനത്തിന്റെ വ്യാപ്തി മനസിലാകൂ. 75 എലികള്‍, 1500 ഈച്ചകള്‍, പലയിനത്തില്‍ പെട്ട കുറേ ചെടികള്‍, പലയിനത്തിലുള്ള സൂക്ഷ്മജീവികള്‍ എന്നിവയും പുറമെ ചന്ദ്രനിലെ മണ്ണിനോടു സാമ്യമുള്ള കുറേ മണ്ണ്. കഴിഞ്ഞ ദിവസം ഈ ഉപഗ്രഹം സുരക്ഷിതമായി തിരികെ ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. എലികളില്‍ പത്തെണ്ണം ചത്തു പോയതൊഴിച്ചാല്‍ മറ്റൊരു ജീവജാലത്തിനും കുഴപ്പമൊന്നുമില്ല. ഇവയെ വച്ചുള്ള പഠനങ്ങള്‍ ഇനി ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ. എലികള്‍ പത്തെണ്ണം ചത്തതു പോലും അവയുടെ തമ്മിലുള്ള ആക്രമണം മൂലമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബാക്കി പഠനങ്ങള്‍ ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ.
സ്‌പേസ് മെഡിസിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു സൂക്ഷ്മജീവികളും മണ്ണും. ഇവയില്‍ ബഹിരാകാശത്തിലെ വികിരണങ്ങള്‍ എന്തു മാറ്റമാണ് വരുത്തുന്നതെന്നു പഠിക്കുകയാണ് ലക്ഷ്യം. ഇതിനു മുമ്പും ഇത്തരത്തില്‍ പരീക്ഷണം നടത്തിയിരുന്നതാണ്. ആദ്യമായി റഷ്യ ബഹിരാകാശത്തേക്ക് ജീവജാലങ്ങളെ അയച്ചു നോക്കുന്നത് 1960ലായിരുന്നു. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമാണ് 2013 മുതലുള്ള ബയോണ്‍ പരീക്ഷണങ്ങള്‍. 2013 ലാണ് ഇതിനു മുമ്പുള്ള ബയോണ്‍ എം 1 പരീക്ഷണ വിക്ഷേപണം നടക്കുന്നത്. അന്നത്തെ വിവരശേഖരത്തില്‍ നിന്നുള്ള പഠനങ്ങള്‍ പുരോഗമിക്കുമ്പോഴാണ് ഇപ്പോള്‍ ബയോണ്‍ എം 2 പരീക്ഷണം നടന്നിരിക്കുന്നത്. ഇതു കൂടി ചേരുമ്പോഴാണ് വികിരണം തുടങ്ങിയ കാര്യങ്ങളെക്കൂടി കണക്കിലെടുത്ത് സ്‌പേസ് മെഡിസിന്‍ ഗവേഷണം വേണ്ടത്ര ഗതിവേഗം കൈവരിക്കൂ. ഇത്തവണ ജീവജാലങ്ങള്‍ വികിരണം, ശൂന്യസ്ഥലം(വാക്വം), ചന്ദ്രനിലെ പൊടി എന്നിവയോടു പ്രതികരിക്കുന്ന രീതി സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നാണ് കരുതുന്നത്.