ന്യുഡല്‍ഹി: കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനും അത്തരം കേസുകള്‍ അന്വേഷിക്കുന്നതിനുമായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരിക്കണം ഈ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കേണ്ടത്. കാണാതായ കുട്ടികളെ കണ്ടെത്തുന്നതില്‍ വിവിധ പോലീസ് മേധാവികള്‍ക്കിടയിലെ ഏകോപനമില്ലായ്മയാണ് വലിയ പ്രശ്‌നമായി മാറുന്നത്. ഇത് ആശങ്കാജനകമാണ്. ഗുരിയ സ്വയംസേവി സന്‍സ്ഥാന്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബഞ്ച് ഈ നിര്‍ദേശം നല്‍കിയത്. പലപ്പോഴും കാണാതാകുന്ന കുട്ടികളെ തിരികെ ലഭിക്കുന്നതിന് രാജ്യവ്യാപകമായ അന്വേഷണമാണ് ആവശ്യമായി വരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പോര്‍ട്ടല്‍ സൃഷ്ടിക്കേണ്ടതെങ്കിലും എല്ലാ സംസ്ഥാനത്തും ഇതിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഓരോ ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കണം. ഈ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും അഭിപ്രായം തേടാന്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോടു കോടതി നിര്‍ദേശിച്ചു.
കുരുന്നുകള്‍ എവിടെ? കാണാതാകുന്ന കുട്ടികളെ തേടാന്‍ പോര്‍ട്ടല്‍ വേണമെന്ന് കോടതി

