ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് എന്നു വിശേഷിപ്പിക്കപ്പെടുന്ന റഫാല്‍ യുദ്ധ വിമാനത്തില്‍ പറന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുര്‍മു. നേരത്തെ വ്യോമസേനയുടെ തന്നെ സുഖോയ് വിമാനത്തിലും പറന്ന് ഇവര്‍ ചരിത്രം സൃഷ്ടിച്ചിരുന്നതാണ്. ഹരിയാന അംബാലയിലെ വ്യോമസേന കേന്ദ്രത്തില്‍ നിന്നാണ് രാഷ്ട്രപതി റഫാല്‍ യുദ്ധ വിമാനത്തില്‍ പറന്നത്. രാവിലെ അംബാല വ്യോമസേനാ കേന്ദ്രത്തില്‍ എത്തിയ രാഷ്ട്രപതിക്ക് വ്യോമസേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു.
രണ്ടു വര്‍ഷം മുമ്പാണ് അസമിലെ തേസ്പൂര് വ്യോമസേനകേന്ദ്രത്തില്‍ നിന്ന് സുഖോയ് 30 യുദ്ധ വിമാനത്തില്‍ രാഷ്ട്രപതി സഞ്ചരിച്ചത്. മുന്‍ രാഷ്ട്രപതിമാരായ എപിജെ അബ്ദുള്‍ കലാം, പ്രതിഭ പാട്ടീല്‍, രാംനാഥ് കോവിന്ദ് എന്നിവരും യുദ്ധവിമാനത്തില്‍ യാത്രചെയ്തിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ കിരീടമെന്നാണ് സുഖോയ് 30 എംകെഐ വിമാനം അറിയപ്പെടുന്നത്. രണ്ടു പേര്‍ക്ക് ഇരുന്നു യാത്രചെയ്യാന്‍ സൗകര്യമുള്ള ഇരട്ട സീറ്റര്‍ വിമാനമാണിത്.

