പത്തനംതിട്ട: ഹൈടെക് ഹാക്കിങ്ങിലൂടെ കാരാര്‍ അടിസ്ഥാനത്തില്‍ വ്യക്തികളുടെ കോള്‍ ഡാറ്റ, ലൊക്കേഷന്‍ വിവരങ്ങള്‍ എ്ന്നിവ ശേഖരിച്ചതു സംബന്ധിച്ച കേസിലെ രണ്ടാമത്തെ അറസ്റ്റ് നടന്നിരിക്കുന്നത് ഗുജറാത്തിലെ അഹമ്മദാബാദില്‍. ഒന്നാം പ്രതി പത്തനംതിട്ട അടൂര്‍ സ്വദേശിയായ ജോയല്‍ വി ജോസിന്റെ സുഹൃത്ത് ഹീരാബെന്‍ അനൂജ് പട്ടേല്‍ ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഒക്ടോബര്‍ 31ന് അറസ്റ്റിലായ ജോയലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹീരാബെന്നിന്റെ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത്.
ഫോണ്‍ ഹാക്കിങ് നടത്തി പണം സമ്പാദിക്കുന്നതിനപ്പുറം തന്റെ സേവനം വാഗ്ദാനം ചെയ്തു കൊണ്ട് ജോയല്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പ്രചാരണമാണ് ഇവര്‍ക്കു വിനയായി മാറിയത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട അധികൃതര്‍ ജോയലിനായി വല വീശുകയായിരുന്നു. ഇയാളുടെ അടുത്ത സുഹൃത്താണ് ബിസിനസ് പങ്കാളി കൂടിയായ ഹീരാബെന്‍. ഇവര്‍ ഇരുവര്‍ക്കും പുറമെ മറ്റാരൊക്കെ ഈ ടീമില്‍ അംഗങ്ങളായിരുന്നു എന്നതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യമായതിനാല്‍ അതീവ രഹസ്യമായാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്. കേരള പോലീസിനു പുറമെ കേ്ന്ദ്ര അന്വേഷണ ഏജന്‍സികളും രഹസ്യമായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറിയുന്നു. രാജ്യത്തിന്റെ സൈബര്‍ സുരക്ഷയുടെ ലോകത്താണ് ഇവര്‍ നുഴഞ്ഞു കയറിയത് എന്നതാണ് ഈ കേസിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ആരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുക എന്നത് ദേശീയ പ്രാധാന്യമുള്ള കാര്യമായി കേന്ദ്ര ഏജന്‍സികള്‍ കണക്കാക്കുന്നു എന്നാണറിയുന്നത്.

