ഡോ. ഉമറിന് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നത് തുര്‍ക്കിയില്‍ നിന്ന്, സെഷന്‍ ആപ്പില്‍ ചിലന്തി എന്ന അപരനാമം ഇവരുടെ ഏജന്റിന്റേത്

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ ഉത്തരവാദികളായ ഡോക്ടര്‍ സംഘം തുര്‍ക്കിയില്‍ നിന്നുള്ള അജ്ഞാത വ്യക്തിയുടെയോ സംഘത്തിന്റെയോ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുര്‍ക്കിയിലെ അങ്കാറ എന്ന സ്ഥലത്താണ് ഈ സംഘത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. ഉകാസ എന്ന കോഡ് നാമത്തിലാണ് ഇവരെ ബന്ധപ്പെട്ടിരുന്ന വ്യക്തി അറിയപ്പെട്ടിരുന്നത്. ഇത് യഥാര്‍ഥ പേരല്ലെന്നു വ്യക്തമാണെന്ന് അന്വേഷണ സംഘം കരുതുന്നു.

രഹസ്യാത്മകതയ്ക്ക് ഏറ്റവും പേരുകേട്ട സെഷന്‍ എന്ന സന്ദേശ ആപ്പിലൂടെയായിരുന്നു ഇവരുടെ ആശയവിനിമയം മുഴുവന്‍ നടന്നിരുന്നത്. ഹുകാഷ എന്ന അറബി വാക്കിന് അര്‍ഥം ചിലന്തി എന്നാണ്. സെഷന്‍ ആപ്പിലെ എല്ലാ സന്ദേശങ്ങളും പൂര്‍ണമായി എന്‍ക്രിപ്റ്റഡ് ആണ്. അതിനാല്‍ കൃത്യമായ പാസ്വേഡുകള്‍ ഉപയോഗിച്ച് എത്തുന്നവര്‍ക്കല്ലാതെ അന്വേഷകര്‍ക്കു പോലും ഇതിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സാധ്യമല്ല. മറ്റു സന്ദേശ ആപ്പുകളെക്കാള്‍ വളരെ സുരക്ഷിതമായ എന്‍ക്രിപ്ഷനാണ് സെഷന്‍ ആപ്പിനുള്ളത്. അതിനാലാണ് രഹസ്യ സ്വഭാവമുള്ള ഓപ്പറേഷനുകള്‍ നടത്തുന്നതിന് ഈ ആപ്പ് കൂടുതലായി ഉപയോഗിക്കുന്നത്.

സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, തീവ്രവാദത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് തുടങ്ങിയ കാര്യങ്ങള്‍ ഏകോപിപ്പിച്ചതിനു പിന്നിലെ തുര്‍ക്കി ബന്ധമാണ് ഇപ്പോള്‍ പുറത്തായിക്കൊണ്ടിരിക്കുന്നത്. ഫരീദാബാദ് സംഘവുമായി ബന്ധമുള്ള പലരും 2022 മുതല്‍ തുര്‍ക്കി സന്ദര്‍ശനം നടത്തിയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *