കേരളത്തില്‍ എസ്‌ഐആര്‍ നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി, സുപ്രീം കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

കൊച്ചി: കേരളത്തില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി കേരള ഹൈക്കോടതി തീര്‍പ്പാക്കി. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നതിനെക്കാള്‍ നല്ലത് സുപ്രീം കോടതിയെ സമീപിക്കുന്നതായിരിക്കും എന്ന പ്രഖ്യാപനത്തോടെയാണ് ഹര്‍ജി തീര്‍പ്പാക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരണം ബുദ്ധിമുട്ടാണെന്നു കാട്ടിയാണ് ഗവണ്‍മെന്റ് ഹൈക്കോടതിയെ സമീപിച്ചത്.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗമാണ് പട്ടിക പരിഷ്‌കരണത്തിനെതിരേ കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തന്നെ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്. ബിജെപി ഒഴികെയുള്ള കക്ഷികളെല്ലാം യോഗത്തില്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തു പുതുക്കിയ പട്ടിക നിലവിലിരിക്കെ 2002ലെ പട്ടികയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ എസ്‌ഐആര്‍ നടത്തുന്നത് അശാസ്ത്രീയവും ദുരുദ്ദേശ്യപരവുമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ എസ്‌ഐആര്‍ നടത്തുന്നത് ഉദ്യോഗസ്ഥരെ അധികമായി വിന്യസിക്കേണ്ടി വരുന്നതു നിമിത്തം ഭരണസ്തംഭനത്തിന് ഇടയാക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡിസംബര്‍ നാലിനാണ് എസ്‌ഐആര്‍ പൂര്‍ത്തിയാക്കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത് ഡിസംബര്‍ ഒമ്പത്, പതിനൊനന് തീയതികളിലാണ്. രണ്ട് സുപ്രധാന ജോലികളും ചെയ്യേണ്ടത് ഒരേ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ എസ്‌ഐആറിന്റെ 55 ശതമാനം ജോലികളും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *