ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ഉദയസൂര്യന്‍, പതിനാലു വയസുകാരന്‍ വൈഭവ് സൂര്യവംശി ദോഹയില്‍ 32 പന്തില്‍ നേടിയത് 144 റണ്‍സ്

ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് സ്റ്റേഡിയം ഇന്നലെ കണ്ടത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ന്യൂജെന്‍ പ്രതീക്ഷയായ ഒരു പതിനാലുകാരന്റെ വെടിക്കെട്ട് പ്രകടനത്തിനപ്പുറം ഇരുത്തം വന്നൊരു കളിക്കാരന്റെ വന്‍വിജയത്തിന്റെ നേര്‍കാഴ്ച കൂടി. വൈഭവ് സൂര്യവംശി എന്ന കൗമാരക്കാരന്‍ നടത്തിയത് പ്രായത്തിനും കളിപരിചയത്തിനു നിരക്കുന്നതിനെക്കാള്‍ വളരെ വളരെ ഉയരത്തിലുള്ള പ്രകടനം. ഇന്ത്യ എ ടീമില്‍ ഇടംകണ്ടെത്തിയ പതിനാലുകാരന്‍ വെറും 32 പന്തില്‍ സെഞ്ചുറി തികച്ചപ്പോള്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്കൊക്കെ മുന്നില്‍ ഇതിഹാസതുല്യമായ നിലയിലേക്ക് വൈഭവ് സൂര്യവംശി എന്ന ഇന്ത്യന്‍ ബാലന്‍ ഉയര്‍ന്നു. ആകെ 42 ബോളില്‍ 144 റണ്‍സാണ് വൈഭവ് സ്വന്തം പേരില്‍ കുറിച്ചത്. മത്സരത്തില്‍ 148 റണ്‍സിന് ഇന്ത്യ യുഎഇയെ തോല്‍പിക്കുകയും ചെയ്തു.

പതിനൊന്നു ഫോറുകളും 15 സിക്‌സറുകളുമായി മത്സരത്തെയാകെ വൈഭവ് അനായാസം തന്റെ വണ്‍മാന്‍ ഷോയാക്കി മാറ്റി എന്നു പറഞ്ഞാല്‍ അതില്‍ അശേഷം അതിശയോക്തിയില്ല. ടൈമിങ്ങും പവറും അനായാസം വിളക്കിച്ചേര്‍ത്തതായിരുന്നു വൈഭവിന്റെ ഓരോ ഷോട്ടും. ഭയത്തിന്റെ ലവലേശമില്ലാതെയാണ് പറന്നു വരുന്ന ഓരോ ബോളിനും നേരെ വൈഭവ് ബാറ്റുവീശിയത്. മിന്നുന്ന വേഗതയില്‍ ഓരോ ബോളും ആകാശത്തിലൂടെയോ ഭൂമിയിലൂടെയോ ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് പോയി. ആക്രമണ ബാറ്റിങ്ങിന്റെ ആള്‍രൂപമായി വൈഭവ് മാറി. പ്രഫഷണല്‍ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറികള്‍ക്കൊപ്പമാണ് വൈഭവിന്റെ ഇന്നലത്തെ സെഞ്ചുറിയെയും ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *