ചണ്ഡീഗഡ്: ഗുരുനാനാക് ദേവിന്റെ പ്രകാശ് പര്‍വ് ആഘോഷിക്കാന്‍ പാക്കിസ്ഥാനിലേക്കു പോയ തീര്‍ഥാടക സംഘത്തില്‍ നിന്ന് കാണാതായ സ്ത്രീയെക്കുറിച്ചുള്ള വിവരം പുറത്ത്. ഇന്ത്യക്കാരിയായ സിഖ് സ്ത്രീ മതംമാറി പാക്കിസ്ഥാനി യുവാവിനെ വിവാഹം കഴിച്ചുവെന്നാണ് വിവരം.
നവംബര്‍ നാലിനാണ് പഞ്ചാബിലെ കപൂര്‍ത്തല സ്വദേശിയായ അമ്പത്തിരണ്ടുകാരി സരബ്ജിത് കൗറും മറ്റു സിഖ് തീര്‍ഥാടകരും വാഗ-അട്ടാരി അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലേക്കു പോയത്. മതപരമായ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന ഉഭയകക്ഷി കരാര്‍ പ്രകാരമാണ് ഇവര്‍ അതിര്‍ത്തി കടന്നത്. തീര്‍ഥാടകരുടെ സംഘം പത്തു ദിവസത്തോളം പാക്കിസ്ഥാനില്‍ ചെലവഴിച്ച ശേഷമാണ് ഇന്ത്യയിലേക്കു മടങ്ങിയത്. എന്നാല്‍ മടങ്ങി വന്നവരുടെ കൂടെ സരബ്ജിത് കൗര്‍ ഉണ്ടായിരുന്നില്ല.
ഇവര്‍ ലാഹോറില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെ ഷെയ്ഖുപുര നിവാസിയായ നാസിര്‍ ഹുസൈന്‍ എന്ന പാക്കിസ്ഥാനിയെ വിവാഹം ചെയ്തുവെന്നു വ്യക്തമാക്കുന്ന വിവാഹ കരാറിന്റെ ചിത്രം ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. വിവാഹത്തിനു മുമ്പ് അവര്‍ ഇസ്ലാം മതം സ്വീകരിച്ച് നൂര്‍ എന്ന പേരു സ്വീകരിച്ചുവെന്നും അതില്‍ പറയുന്നുണ്ട്. വിവാഹ മോചിതയാണിവര്‍. ഭര്‍ത്താവ് ഇംഗ്ലണ്ടിലാണ്. രണ്ടു പുത്രന്‍മാരുമുണ്ട്. പാക്കിസ്ഥാനില്‍ കാണാതായ ഇവര്‍ക്കായി ഇരു രാജ്യത്തെയും സുരക്ഷാ സേന അന്വേഷണം നടത്തിവരുമ്പോഴാണ് വിവാഹ കരാറിന്റെ ചിത്രം പുറത്തു വരുന്നത്.

