ചെന്നൈ: മാസങ്ങളോളം നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സഞ്ജു സാംസന്റെ വരവ് വന്‍ ആഘോഷത്തോടെ വരവേറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സിഎസ്‌കെയും സഞ്ജുവും തമ്മില്‍ കരാര്‍ ഒപ്പിട്ടുവെന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തു വന്നതോടെയാണ് ആഘോഷം ആരംഭിച്ചത്. മലയാളത്തിലും തമിഴിലും ഹിറ്റായ ആവേശം ചിത്രത്തിലെ ഇല്യൂമിനാറ്റി പാട്ടിന്റെ അകമ്പടിയോടെയാണ് സഞ്ജൂവിന്റെ വരവിനെ സിഎസ്‌കെ അവിസ്മരണീയമാക്കിയത്.
അതേസമയം, രാജസ്ഥാന്‍ റോയല്‍സിന്റെ മുഖമായി മാറിയ സഞ്ജുവിന് സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് രാജസ്ഥാന്‍ ടീമിന്റെ വകയായി നല്‍കിയത്. 2013ല്‍ കൗമാരക്കാരനായി സഞ്ജു ടീമിലെത്തിയ ചിത്രവും നായകനായി പടിയിറങ്ങുന്ന ചിത്രവും ഒരു ഫ്രെയിമില്‍ ചേര്‍ത്തായിരുന്നു രാജസ്ഥാന്‍ റോയല്‍സ് സമൂഹ മാധ്യമങ്ങളില്‍ യാത്രയയപ്പ് നല്‍കിയത്. കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത സേവനങ്ങള്‍ക്കും നല്‍കിയ നല്ല ഓര്‍മകള്‍ക്കും ടീം നന്ദിയും അര്‍പ്പിച്ചു.
പന്ത്രണ്ടു വര്‍ഷം മുമ്പ് പത്തൊമ്പതാം വയസിലായിരുന്നു സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ പടികടന്നെത്തിയത്. ടീം സസ്‌പെന്‍ഷനിലായ രണ്ടു വര്‍ഷം ഡല്‍ഹി കാപ്പിറ്റല്‍സിനായി കളിച്ചതൊഴിച്ചാല്‍ കഴിഞ്ഞ കാലമത്രയും രാജസ്ഥാനുവേണ്ടി മാത്രമായിരുന്നു സഞ്ജു ബാറ്റേന്തിയത്. 2021 മുതലാണ് സഞ്ജു ക്യാപ്റ്റന്റെ റോളിലെത്തുന്നത്. സഞ്ജുവിന്റെ നേതൃത്വത്തിലായിരുന്നു രാജസ്ഥാന്‍ 2008നു ശേഷം ആദ്യമായി ഫൈനലിലെത്തുന്നത്.

