ഇന്ത്യയ്ക്ക ഒന്നാം ഇന്നിങ്‌സ് ലീഡ് 30 റണ്‍സ് മാത്രം, 189ന് ഓള്‍ ഔട്ട്, ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് ഏഴിന് 93 റണ്‍സില്‍

കൊല്‍ക്കത്ത: ബാറ്റര്‍മാരുടെ കൊലക്കളമായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം. ഇന്നലെയൊരു ദിവസം മാത്രം വീണത് പതിനഞ്ചു വിക്കറ്റുകള്‍. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയെ വെറും 159 റണ്‍സിന് ഇന്ത്യന്‍ ടീം ചുരുട്ടിക്കെട്ടി ഗാലറിയിലേക്ക് അയച്ചെങ്കില്‍ അതിനെക്കാള്‍ കാര്യമായ മികവൊന്നും കാട്ടാതെയാണ് ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ദക്ഷിണാഫ്രിക്ക ശനിയാഴ്ച അവസാനിപ്പിച്ചതും. വെറും മുപ്പതു റണ്‍സ് മാത്രം അധികമായി സ്‌കോര്‍ ചെയ്ത് 189 റണ്‍സിന് ഇന്ത്യയും ഓള്‍ഔട്ട്. ശനിയാഴ്ച കളി അവസാനിപ്പിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എഴു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. 79 പന്തില്‍ നിന്ന് വെറും 29 റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബവുമയും വാലറ്റക്കാരനായ കോര്‍ബിന്‍ ബോഷുമാണ് ശനിയാഴ്ചത്തെ കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസിലുള്ളത്.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിനെ തകര്‍ത്തത് ദക്ഷിണാഫ്രിക്കയുടെ സ്പിന്നര്‍ സൈമണ്‍ ഹാര്‍മറാണ്. 30 റണ്‍സ് നേടുന്നതിനിടെ ഇന്ത്യയുടെ വിലപ്പെട്ട നാലു വിക്കറ്റുകളാണ് ഹാര്‍മര്‍ പിഴുതത്. കളിക്കിടെ കഴുത്തു വേദന മൂലം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കളം വിടുകയും ചെയ്തു. 39 റണ്‍സ് എടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൈമണ്‍ ഹാര്‍മറുടെ നാലു വിക്കറ്റിനു പുറമെ മാര്‍കോ യാന്‍സന്‍ ഇന്ത്യയുടെ മൂന്നു വിക്കറ്റുകളും തെറിപ്പിച്ചു. ഇതോടെയാണ് ഇന്ത്യയുടെ പതനം പൂര്‍ണമായത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ശനിയാഴ്ച രാവിലെ പുനരാരംഭിച്ചത്. കാറ്റത്ത് ഇലകള്‍ പോലെ വിക്കറ്റുകള്‍ വീണെങ്കിലും ഇന്ത്യ 30 റണ്‍സിന്റെ മേല്‍ക്കൈ ഒരു തരത്തില്‍ ഒപ്പിച്ചെടുക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ദക്ഷിണാഫ്രിക്ക ഇറങ്ങിയെങ്കിലും വിക്കറ്റ് വേട്ട അതേ നിലവാരത്തില്‍ തന്നെ തുടരുന്നതിന് ഇന്ത്യയ്ക്കായി. രണ്ടാം ദിവസത്തിലെ കളി അവസാനിപ്പിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കു ബാക്കിയുള്ളത് വെറും മൂന്നു വിക്കറ്റുകള്‍ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *