തിരുവനന്തപുരം: അഞ്ജരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണക്കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അന്വേഷണത്തിൽ ഗുരുതര വീഴ്ചകളുണ്ടെന്ന കേരള ഹൈക്കോടതിയുടെ വിമർശനത്തിന്റെയും അന്വേഷണം പുതിയ സംഘത്തിന് കൈമാറിയതിന്റെയും പശ്ചാത്തലത്തിലാണ് നടപടി.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹൻചന്ദ്രൻ എം.പിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് നിലവിൽ കേസന്വേഷിക്കുന്നത്. മുൻ അന്വേഷണസംഘം കൈകാര്യം ചെയ്ത രേഖകളും തെളിവുകളും പുതിയ സംഘത്തിന് കൈമാറിയിട്ടുണ്ട്. കേസിന്റെ എല്ലാ വശങ്ങളും പുതുതായി പരിശോധിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്ത രീതിയിലും അന്വേഷണ നടപടികളിലും ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അന്വേഷണത്തിലെ പിഴവുകൾ സംബന്ധിച്ച് കോടതി ആശങ്ക രേഖപ്പെടുത്തിയതോടെയാണ് പുതിയ സംഘത്തെ നിയോഗിക്കുകയും അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തത്.

