ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അധിക വോട്ടെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്. എസ്ഐആറിനു ശേഷം പുറത്തിറക്കിയ അന്തിമ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നത് 7.42 കോടി വോട്ടര്‍മാരായിരുന്നു. അതിനു ശേഷം മൂന്നു ലക്ഷം ആളുകള്‍ കൂടി പേരു ചേര്‍ത്തുവെന്നും ഇതോടെയാണ് 7.45 കോടിയായി വോട്ടര്‍മാരുടെ എണ്ണം വാര്‍ത്താക്കുറിപ്പില്‍ രേഖപ്പെടുത്തിയതെന്നും കമ്മീഷന് വ്യക്തമാക്കി.
ബീഹാറില്‍ എസ്ഐആറിനു ശേഷം ഒക്ടോബര്‍ ആറിനു പുറത്തിറക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താക്കുറിപ്പ് അനുസരിച്ച് 7.42 കോടി ആള്‍ക്കാരായിരുന്നു ബീഹാറിലെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ വോട്ടെടുപ്പിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത് 7,45,26, 858 പേര് വോട്ടുരേഖപ്പെടുത്തിയെന്നാണ്. ഇതേ തുടര്‍ന്ന് പൊടുന്നനെ മൂന്നു ലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനയുണ്ടായതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കുമോയെന്ന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശനിയാഴ്ച കമ്മീഷന് വിശദീകരണം നല്‍കിയത്.
വോട്ടര്‍മാരുടെ എണ്ണം പ്രതിപാദിച്ചത് വോട്ട് ചെയ്തു എന്നു വ്യാഖ്യാനിച്ചതാണ് വിവാദത്തിനു കാരണമെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പത്തു ദിവസം വീണ്ടും പേരു ചേര്‍ക്കാന്‍ അവസരം നല്‍കിയിരുന്നതാണ്. അങ്ങനെയാണ് 7.45 കോടി വോട്ടര്‍മാരുണ്ടായത്. അതല്ലാതെ ഇവര്‍ വോട്ടു ചെയ്തു എന്ന് പറഞ്ഞിട്ടില്ല. യോഗ്യതയുള്ള ഒരു വോട്ടര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നിഷേധിക്കരുത് എന്നതിനാലാണ് വീണ്ടും പേരു ചേര്‍ക്കാന്‍ അവസരം നല്‍കിയതെന്ന് കമ്മീഷന് വ്യക്തമാക്കുന്നു.

