ബീഹാര്‍ മന്ത്രിസ്ഥാനങ്ങളുടെ വീതം വയ്പ് കഴിഞ്ഞു, ആറ് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി, ബിജെപിക്കു മേല്‍ക്കൈ

പാറ്റ്‌ന: ബീഹാറില്‍ മന്ത്രിസഭാ രൂപവല്‍ക്കരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് ബിജെപി ആണെങ്കിലും ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ തീരുമാനമായി. എന്നാല്‍ പുതിയ സര്‍ക്കാരില്‍ ബിജെപിക്കു തന്നെയായിരിക്കും മേല്‍കൈ. സുശീല്‍ കുമാര്‍ മോദിയുടെ കാലം കഴിഞ്ഞതോടെ ബിജെപിക്ക് സംസ്ഥാനത്ത് തലപ്പൊക്കമില്ലാത്തൊരു നേതാവില്ലാത്തതും കേന്ദ്രത്തില്‍ ജെഡിയുവിന്റെ പിന്തുണ അത്യാവശ്യമായതിനാലും നിതീഷിന്റെ കസേരയ്ക്ക് ഇളക്കമുണ്ടാകില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ബീഹാറിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത്.

ആറ് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്നതാണ് ചര്‍ച്ചകളുടെ അടിസ്ഥാന സമീപനം. ഇതനുസരിച്ച് ബിജെപിക്ക് പതിനാറു മന്ത്രിമാരെ ലഭിക്കുമ്പോള്‍ ജെഡിയുവിന് പതിനാലു മന്ത്രിമാരെയായിരിക്കും ലഭിക്കുക. പത്തൊമ്പത് സീറ്റുകളില്‍ വിജയിച്ച ചിരാഗ് പസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിക്ക് മൂന്നു മന്ത്രിസ്ഥാനമായിരിക്കും ലഭിക്കുക. അഞ്ച് സീറ്റുകള്‍ കിട്ടിയ ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും നാലു സീറ്റുകള്‍ കിട്ടിയ ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഓരോ മന്ത്രിസ്ഥാനമാണ് ലഭിക്കുക. മന്ത്രിമാരുടെ എണ്ണത്തിലെന്നതു പോലെ ബിജെപി പിടി മുറുക്കുന്നത് മന്ത്രിമാര്‍ക്കു ലഭിക്കുന്ന വകുപ്പുകളുടെ കാര്യത്തിലുമായിരിക്കുക എന്നറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *