കൊൽക്കത്ത: അഞ്ച് തവണ ലോകചാമ്പ്യൻമാരായ ബ്രസീലിന്റെ ദേശീയ ഫുട്ബോൾ ടീം ഈ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ സൗഹൃദമത്സരം കളിക്കാൻ എത്താൻ സാധ്യത. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനും (CBF) ഇന്ത്യൻ സംഘാടകരും തമ്മിൽ ഇക്കാര്യത്തിൽ പുരോഗമിച്ച ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്.
2026 ലോകകപ്പിന് ശേഷമുള്ള ആദ്യ ഫിഫ അന്താരാഷ്ട്ര മത്സരജാലകത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കാൻ നീക്കം. കൊൽക്കത്തയാണ് വേദിയായി പരിഗണിക്കുന്നത്. ഫുട്ബോളിന് വലിയ ആരാധകവൃന്ദമുള്ള നഗരമായതിനാലാണ് കൊൽക്കത്തയ്ക്ക് മുൻഗണന നൽകിയിരിക്കുന്നത്.
അതേസമയം, ബ്രസീൽ ഇന്ത്യയോടായിരിക്കണമെന്നില്ല സൗഹൃദമത്സരം കളിക്കുക. ഫിഫ റാങ്കിങ്ങിലെ വലിയ വ്യത്യാസം കണക്കിലെടുത്ത് മറ്റൊരു എതിരാളിയെ കണ്ടെത്താനാണ് സാധ്യത. മത്സരം സംബന്ധിച്ച അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ല.

