കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കത്തിനിന്ന വൈഷ്ണ സുരേഷിന്റെ പേരുവെട്ടല്‍ പ്രശ്നത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍ യുഡിഎഫിനും വൈഷ്ണയ്ക്കും രക്ഷയുടെ സ്പര്‍ശമായി. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മുട്ടട വാര്‍ഡില്‍ നിന്നു മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്ന രീതിയില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും വൈഷ്ണയുടെ പേരു വെട്ടിയ നടപടിയെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി, തങ്ങള്‍ അസാധരണമായ അധികാരം പ്രയോഗിക്കേണ്ടെങ്കില് വോട്ടര്‍ പട്ടികയിലെ പേര് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതുമാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ വോട്ടര്‍ പട്ടികയില്‍ വൈഷ്ണയുടെ പേര് ഉള്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി തയാറാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വൈഷ്ണ നല്കിയ അപ്പീലില്‍ ബുധനാഴ്ചയ്ക്കകം ജില്ലാ കളക്ടര്‍ തീരുമാനം പ്രഖ്യാപിക്കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ ബേബി കാന്‍ഡിഡേറ്റായി യുഡിഎഫ് അവതരിപ്പിച്ച സ്ഥാനാര്‍ഥിയാണ് വൈഷ്ണ. അതിനാല്‍ തന്നെ അതിവേഗം മാധ്യമശ്രദ്ധയിലേക്ക് വരാന്‍ ടെക്നോപാര്‍ക്കിലെ ജോലി രാജിവച്ച് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കിറങ്ങിയ വൈഷ്ണയ്ക്കു സാധിച്ചിരുന്നു. ഇവര്‍ ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി കഴിയുമ്പോഴാണ് പേരു വെട്ടല്‍ വിവാദം തുടങ്ങുന്നത്.

