തിരുവനന്തപുരം: പതിനാറുകാരനായ മകനെ ഭീകര സംഘടനയായ ഐഎസ്‌ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരേ തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെമ്പായത്താണ് സംഭവം നടന്നത്. 2021 നവംബര്‍ ഒന്നിനും കഴിഞ്ഞ ജൂലൈ 31നും ഇടയിലാണ് കുട്ടിക്ക് ഇപ്രകാരമുള്ള സമ്മര്‍ദം താങ്ങേണ്ടതായി വന്നത്.
കുട്ടിയുടെ അമ്മയെ പത്തനംതിട്ട ജില്ലയിലെ പത്തനാപുരം സ്വദേശി പുനര്‍വിവാഹം കഴിക്കുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു. അവരെ മതം മാറ്റിയ ശേഷമായിരുന്നു ഇയാള്‍ വിവാഹം ചെയ്തത്. 2021 മുതല്‍ ദമ്പതികള്‍ കുട്ടിയോടൊപ്പം യുകെയിലായിരുന്നു താമസം. അവിടെ വച്ചാണ് ഐസിസില്‍ ചേരാനുള്ള സമ്മര്‍ദം ആരംഭിക്കുന്നത്. ഇതിനായി ഐസിസുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ കുട്ടിയെ കാണിക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.
പിന്നീട് ദമ്പതികള്‍ കേരളത്തില്‍ തിരിച്ചെത്തുകയും കുട്ടിയെ ആറ്റിങ്ങലിലുള്ള മതപഠനശാലയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ അമ്മയുടെ സ്വന്തം വീട്ടില്‍ അറിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് തീവ്രവാദ സംഘത്തില്‍ ചേരുന്നതിന് കുട്ടി കടുത്ത സമ്മര്‍ദത്തിനു വിധേയനായ വിവരം പുറത്താകുന്നത്. അമ്മയുടെ ബന്ധുക്കളാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കൊപ്പമാണ് നിലവില്‍ ബാലനുള്ളതെന്നാണ് വിവരം.

