ബെംഗളൂരു: എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുപോകുകയായിരുന്ന ഏഴു കോടി രൂപ പട്ടാപ്പകല്‍ തട്ടിയെടുത്തു. ബെംഗളൂരുവിലാണ് സംഭവം. കേന്ദ്ര ടാക്സ് ഫോഴ്സ് ഓഫീസര്‍മാരെന്ന വ്യാജേനയെത്തിയ സംഘമാണ് പണം തട്ടിയെടുത്തത്. എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്ന് പണം കൊണ്ടുപോകുമ്പോഴാണ് അതിവിദഗ്ധമായ രീതിയില്‍ തട്ടിപ്പ് നടത്തിയത്.
ബാങ്കില്‍ നിന്നു പണം കൊണ്ടുപോകുന്ന വാനിനെ തടഞ്ഞു നിര്‍ത്തിയ സംഘം തങ്ങള്‍ കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥാരാണെന്നു പറയുകയായിരുന്നു. ഇന്നോവ കാറിലായിരുന്നു ഇവരുടെ വരവ്. രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നു പറഞ്ഞ് വാനിലെ ജീവനക്കാരെ മാറ്റിനിര്‍ത്തിയ ശേഷം പണം മുഴുവന്‍ ഇവര്‍ വന്ന ഇന്നോവയിലേക്കു മാറ്റുകയായിരുന്നു. ഞൊടിയിടയില്‍ തന്നെ സംഘം സ്ഥലം വിടുകയും ചെയ്തു. ജീവനക്കാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് ഡിവിഷന് പോലീസ് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയൊരു ഗൂഡസംഘം ഇതിനു പിന്നിലുണ്ടെന്നാണ് പോലീസിന്റെ സംശയം.

