ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ ഉമറുന്നബിയുടെ ചാവേര്‍ സ്‌ഫോടനത്തിനു ശേഷം അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു പത്തു പേരെ കാണാതായിട്ടുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുവന്നവരും പഠിക്കുന്നവരുമായ പത്തുപേരെക്കുറിച്ചാണ് അതിനു ശേഷം യാതൊരു വിവരവും ലഭിക്കാത്തത്. ഇവരില്‍ മൂന്നു പേര്‍ കശ്മീരില്‍ നിന്നുള്ളവരാണ്. നിലവില്‍ ഇവരുടെ മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിക്കുന്നില്ല.
ചെങ്കോട്ടയിലെ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് അല്‍ ഫലാഹ് സര്‍വകലാശാലയുമായുള്ള ബന്ധം ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ജമ്മു കാശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് സംയുക്ത സംഘം നടത്തിയ ഓപ്പറേഷനിലാണ് പത്തു പേരെ സംബന്ധിച്ച യാതൊരു വിവരവും നിലവില്‍ ലഭ്യമല്ലെന്നു വ്യക്തമാകുന്നത്. ഇവര്‍ക്ക് ഡല്‍ഹിയിലെ സ്‌ഫോടനവുമായി ബന്ധമുണ്ടാകാമെന്ന സംശയത്തിലാണ് പോലീസ്. ഇവര്‍ക്കായി വ്യാപക തിരച്ചിലാണിപ്പോള്‍ നടത്തുന്നത്.

